പുതിയ അടിസ്ഥാന വര്‍ഷമായ 2022-23നെ ആധാരമാക്കിയുള്ള ജിഡിപി കണക്കുകള്‍ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തിറക്കി. പുതുക്കിയ അടിസ്ഥാനവര്‍ഷം സ്വീകരിച്ച ശേഷവും സമ്പദ്വ്യവസ്ഥ ശക്തമായ വളര്‍ച്ച തുടരുന്നുവെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. 2023-24 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ യഥാര്‍ത്ഥ ജിഡിപി ശരാശരി 7%-ലധികം വളര്‍ച്ച രേഖപ്പെടുത്തിയതും, അതേ കാലയളവില്‍ നാമമാത്ര ജിഡിപി ശരാശരി 9%-ലധികം വളര്‍ച്ച രേഖപ്പെടുത്തിയതും കണക്കുകളില്‍ വ്യക്തമാണ്. 2025-26 സാമ്പത്തിക വര്‍ഷത്തിനായുള്ള രണ്ടാം മുന്‍കൂര്‍ മതിപ്പ് കണക്കുകള്‍ പ്രകാരം യഥാര്‍ത്ഥ ജിഡിപി 7.6% വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ നാമമാത്ര ജിഡിപി 8.6% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
അടിസ്ഥാനവര്‍ഷം പുതുക്കുന്നതിനുള്ള പ്രക്രിയയില്‍ രീതിശാസ്ത്രപരമായ പരിവര്‍ത്തനവും പുതിയ ഡാറ്റാ സ്രോതസ്സുകളും സ്വീകരിച്ച പശ്ചാത്തലത്തില്‍ ഈ കണക്കുകള്‍ കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ഡിഫ്‌ലേഷന്‍ (പണച്ചുരുക്കം -സാധനങ്ങളും സേവനങ്ങളും വില കുറയുന്ന അവസ്ഥ) കണക്കാക്കുന്നതിന് കൃത്യമായ രീതികള്‍ സ്വീകരിച്ചതും വാര്‍ഷിക സര്‍വേ കണ്ടെത്തലുകള്‍, വിപുലമായ അഡ്മിനിസ്‌ട്രേറ്റീവ് ഡാറ്റാസെറ്റുകള്‍ അടക്കമുള്ള സമ്പന്നമായ ഡാറ്റ സ്രോതസ്സുകളുടെ എന്നിവയുടെ സംയോജനവും സമ്പദ്വ്യവസ്ഥയുടെ ചലനാത്മകതയെ വ്യക്തമായി പ്രതിഫലിപ്പിക്കാന്‍ സഹായകമായിട്ടുണ്ട്. സമ്പദ്വ്യവസ്ഥയുടെ പ്രകടനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പലപ്പോഴും ഇത് കാരണമായിട്ടുണ്ടെന്നത് വസ്തുതയാണ്.
പുതുക്കിയ ജിഡിപി കണക്കുകള്‍ കേവലം സ്ഥിതിവിവരക്കണക്കുകളെന്നതിലുപരി അനവധി കാര്യങ്ങള്‍ വെളിവാക്കുന്നു; ‘വികസിത് ഭാരത്@2047’ എന്ന വിശാല ദര്‍ശനം സാക്ഷാത്ക്കരിക്കുന്നതിനായി വിവിധ സര്‍ക്കാര്‍ സംരംഭങ്ങളിലൂടെ നയങ്ങളെ എങ്ങനെ സ്പഷ്ടമായ മേഖലാ സ്വാധീനമാക്കി മാറ്റാമെന്ന് അവ നിശബ്ദമായി പ്രതിഫലിപ്പിക്കുന്നു.
2023-24 മുതല്‍ 2025-26 വരെയുള്ള വര്‍ഷങ്ങളില്‍ നിര്‍മ്മാണമേഖല ശരാശരി 11% വളര്‍ച്ച രേഖപ്പെടുത്തി. ഡബിള്‍ ഡീഫ്‌ലേഷന്‍ പോലുള്ള മെച്ചപ്പെടുത്തിയ രീതികളും പുതിയ ഡാറ്റാ സ്രോതസ്സുകളും ഈ മേഖലയിലെ യഥാര്‍ത്ഥ വളര്‍ച്ചാ ഗതിയെ കൂടുതല്‍ കൃത്യമായി പ്രതിഫലിപ്പിക്കാന്‍ സഹായിച്ചതിന്റെ വ്യക്തമായ ചിത്രം നല്‍കുന്നു. ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (Production-Linked Incentive – PLI) ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളിലൂടെ സര്‍ക്കാര്‍ സജീവമായി നിലനിര്‍ത്തുന്ന വളര്‍ച്ചയുടെ സൂചനയാണിത്.
പുതിയ ഡാറ്റാ ശ്രേണിയില്‍, മൊത്തം മൂല്യവര്‍ദ്ധനവില്‍ കൃഷിയുടെ പങ്ക് വര്‍ദ്ധിച്ചതിന് കാരണം ഡീസല്‍ ഉപയോഗം കുറഞ്ഞതും ഉയര്‍ന്ന മൂല്യമുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും മൂല്യം ശരിയായി ഉള്‍പ്പെടുത്തിയതുമാണ്. ചെലവു കുറയുന്നതും, സര്‍ക്കാര്‍ പ്രോത്സാഹനത്തില്‍ കര്‍ഷകര്‍ സൗരോര്‍ജ്ജ വൈദ്യുതി സ്വീകരിക്കുന്നതും, ഉയര്‍ന്ന മൂല്യമുള്ള കൃഷിയിലേക്കുള്ള നയാധിഷ്ഠിത പരിവര്‍ത്തനവും സൂചിപ്പിക്കുന്നതിനാല്‍ ഇവയെല്ലാം സ്വാഗതാര്‍ഹമായ സൂചനകളാണ്. ഇതിലൂടെ കാര്‍ഷിക ലാഭക്ഷമത, കര്‍ഷകരുടെ വരുമാനത്തിലെ വര്‍ദ്ധന എന്നിവ പ്രതിഫലിപ്പിക്കപ്പെടുന്നു.
ഇന്‍കോര്‍പ്പറേറ്റഡ് സെക്ടര്‍ എന്റര്‍പ്രൈസസിന്റെ വാര്‍ഷിക സര്‍വേ, പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ തുടങ്ങിയ പുതിയ സര്‍വേ ഡാറ്റയുടെ ഉപയോഗം ജിഡിപി കണക്കുകള്‍ കൃത്യമാക്കാന്‍ സഹായിച്ചിട്ടുണ്ട്. വ്യാപാരം, ഗതാഗതം, മറ്റ് സേവനങ്ങള്‍ അടക്കമുള്ള അനൗപചാരിക സേവന മേഖലകളിലാണ് ഇതിന്റെ സ്വാധീനം കാണപ്പെടുന്നത്. മുമ്പ് ഇത്തരത്തിലുള്ള സംരംഭങ്ങളുടെ നേരിട്ടുള്ള കണക്കുകള്‍ക്ക് പകരം ബഞ്ച്മാര്‍ക്ക് അടിസ്ഥാനത്തിലുള്ള അനുമാനങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്.
ഉദാഹരണത്തിന്, വ്യാപാരം, ഹോട്ടലുകള്‍, ഗതാഗതം, ആശയവിനിമയം എന്നീ ഉപമേഖലകള്‍ 2023-24 മുതല്‍ 2025-26 വരെയുള്ള മൂന്ന് വര്‍ഷം ശരാശരി 9% വളര്‍ച്ച രേഖപ്പെടുത്തി. മെച്ചപ്പെട്ട ഡാറ്റ ഉപയോഗത്തിന്റെ ഭാഗമായി അടഡടഋ, ജഘഎട പോലുള്ള സര്‍വേകള്‍ ഉപയോഗിക്കുന്നതിലൂടെ അനൗപചാരിക മേഖലയെയും തൊഴിലാളികളുടെ ഉത്പാദനക്ഷമതയെയും കൂടുതല്‍ വ്യക്തമായി പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞതാണ് ഇതിന് കാരണം; ഇതിലൂടെ കാലിക പ്രവണതകള്‍ കൂടുതല്‍ വ്യക്തമാകുന്നു. അതുപോലെ തന്നെ, പുതുക്കിയ ഡാറ്റാ ഉറവിടങ്ങളുടെ ഉപയോഗം വീടുകളുടെ ഉടമസ്ഥതയില്‍ വര്‍ധന രേഖപ്പെടുത്തുന്നു; ഇത് സര്‍ക്കാരിന്റെ ചെലവ് കുറഞ്ഞ ഭവന പദ്ധതികളുടെ ഗുണാത്മക ഫലങ്ങള്‍ പ്രതിഫലിപ്പിക്കുന്നു.
പുതിയ ഡിജിറ്റല്‍ ഡാറ്റാ ഉറവിടങ്ങള്‍ ജിഡിപി കണക്കെടുപ്പിനെ മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. ‘Digital India’ പോലുള്ള സര്‍ക്കാര്‍ പദ്ധതികളിലൂടെ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കിയതാണ് ഇവയില്‍ പലതും. ഇ-വാഹന്‍, എംജിടി-7 കോര്‍പ്പറേറ്റ് റിട്ടേണുകള്‍, ജിഎസ്ടി ഡാറ്റ, പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റം (PFMS) തുടങ്ങിയ ഡാറ്റാബേസുകള്‍ ഇപ്പോള്‍ നേരിട്ട് ദേശീയ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ജിഎസ്ടി ഡാറ്റ ത്രൈമാസ എസ്റ്റിമേറ്റുകളെ കൂടുതല്‍ കൃത്യമാക്കുകയും സംസ്ഥാന തിരിച്ചുള്ള വിഹിതം മെച്ചപ്പെടുത്തുകയും ചെയ്യും. ഇതിന്റെ ഫലമായി ജിഡിപി കണക്കെടുപ്പ് കൂടുതല്‍ ശക്തവും ആഭ്യന്തരമായി ഏകോപിതവുമായ ഒരു സംവിധാനമായി മാറിയിരിക്കുന്നു.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപിത സമീപനത്തിന്റെ ഉദാഹരണവുമാണ് ഇത്. ഭരണപരമായ ഡാറ്റയെ പുതിയ രീതിയില്‍ ഉപയോഗപ്പെടുത്തി ജിഡിപി കണക്കെടുപ്പിന്റെ കൃത്യത വര്‍ധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ജിഡിപി കണക്കാക്കുന്നതില്‍ മാത്രമല്ല, രാജ്യത്തുടനീളം തെളിവുകള്‍ ആധാരമാക്കിയുള്ള തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ ഭരണപരമായ ഡാറ്റയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന വിശാലമായ ലക്ഷ്യവും മന്ത്രാലയം പിന്തുടരുന്നു. ഡാറ്റയെ കൂടുതല്‍ കൃത്യവും, താരതമ്യം ചെയ്യാന്‍ സുഗമവും, മറ്റ് ഡാറ്റാ സംവിധാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സജ്ജവുമാക്കുക എന്നതാണ് ഈ ഉദ്യമങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഡാറ്റ സ്ഥിരതയാര്‍ന്നതും ദേശീയ/സംസ്ഥാന/പ്രാദേശിക തലങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നതാണെന്നും ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.
സമകാലിക ഘട്ടത്തില്‍, തീരുമാനങ്ങള്‍ കൂടുതലായും ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാല്‍, പ്രാദേശിക സമ്പദ്വ്യവസ്ഥകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കുന്നതിനും പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ലക്ഷ്യവേധിയായ നയങ്ങള്‍ രൂപപ്പെടുത്താനും സംസ്ഥാന/ പ്രാദേശിക തലങ്ങളില്‍ ശേഖരിക്കുന്ന ഡാറ്റ പ്രധാന പങ്ക് വഹിക്കുന്നു. തദ്ഫലമായി സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും ജിഡിപി കണക്കുകള്‍ കൃത്യമായി നിര്‍ണയിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു. ഇതിനായി സംസ്ഥാനങ്ങള്‍ക്ക് ഇതിനോടകം സാങ്കേതിക പിന്തുണ ലഭ്യമാക്കിയിട്ടുണ്ട്. ഒപ്പം, നിലവിലെ സാമ്പിള്‍ സര്‍വേകളില്‍ സംസ്ഥാന/കേന്ദ്രഭരണ പ്രദേശ/ ജില്ലാതല കണക്കുകള്‍ ശേഖരിക്കാന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ASUSE, PLFS എന്നിവയില്‍ നിന്നുള്ള വിപുലമായ ഉപ-സംസ്ഥാന തല സര്‍വേ കണക്കുകള്‍ സംസ്ഥാന/ഉപ-സംസ്ഥാന ജിഡിപിയുടെ കൃത്യത വര്‍ധിപ്പിക്കുക മാത്രമല്ല പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ വിശാലവും സമഗ്രവുമായ വീക്ഷണവും പ്രദാനം ചെയ്യും.
വിപുലവും വിശ്വസനീയവുമായ സാമ്പത്തിക വിവരങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പ്പെന്ന നിലയില്‍, പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങള്‍ക്കായി ASUSE, PLFS എന്നിവയ്‌ക്ക് കീഴിലുള്ള എസ്റ്റിമേറ്റുകള്‍ സൃഷ്ടിക്കും. വരാനിരിക്കുന്ന ASISSE സര്‍വേയില്‍ നിന്നുള്ള ഡാറ്റയും ജിഎസ് ടി ഡാറ്റയും സംസ്ഥാന/പ്രാദേശിക സാമ്പത്തിക അക്കൗണ്ടുകള്‍ മെച്ചപ്പെടുത്താനും കൂടുതല്‍ കൃത്യവും ശക്തവുമാക്കാനും സഹായിക്കും.
അടിസ്ഥാന വര്‍ഷം പുതുക്കുന്നത് സ്റ്റാറ്റിസ്റ്റിക്കല്‍ സംവിധാനത്തെ മെച്ചപ്പെടുത്തുകയും കൂടുതല്‍ ശക്തവും വിശ്വസനീയവുമാക്കുകയും ചെയ്തു. എന്നിരുന്നാലും, പുതിയ സ്റ്റാറ്റിസ്റ്റിക്കല്‍ ഉത്പന്നങ്ങള്‍, അഡ്മിനിസ്‌ട്രേറ്റീവ് ഡാറ്റാസെറ്റുകളുടെ സമന്വയം തുടങ്ങിയ ഭാവിസജ്ജമായ സംരംഭങ്ങളിലൂടെ സിസ്റ്റം വികസിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഒരു പരിവര്‍ത്തന യാത്രയുടെ തുടക്കം മാത്രമാണിത്. ഈ ഉദ്യമങ്ങള്‍ സംയുക്തമായി, ചലനാത്മകവും പ്രതികരണശേഷിയുള്ളതും ഭാവിസജ്ജവുമായ ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ സിസ്റ്റത്തിന്റെ പരിണാമത്തിലേക്ക് നയിക്കുന്നു. നയരൂപകര്‍ത്താക്കളെ സമയബന്ധിതവും വിശ്വസനീയവും പ്രവര്‍ത്തനക്ഷമവുമായ ഉള്‍ക്കാഴ്ചകള്‍ കൊണ്ട് സമ്പന്നമാക്കുന്നു.
(കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം സെക്രട്ടറിയാണ് ലേഖകന്‍)
















