ഗുരുവായൂര്‍: മുൻ കോൺഗ്രസ് എം.എൽ.എ എ.വി. ഗോപിനാഥിനെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി നിയമിച്ചു. ഡോ. വി.കെ. വിജയൻ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഗോപിനാഥിന്റെ നിയമനം.
ഏകദേശം 48 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഗുരുവായൂര്‍ ദേവസ്വം ഭരണസമതിയിലേക്ക് ഒരു വനിത അംഗം കൂടി എത്തി. കൊടുങ്ങല്ലൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ എം.യു. ഷിനിജയാണ് ഭരണസമിതിയില്‍ എത്തിയ വനിത. നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ നിയമവകുപ്പ് അംഗീകരിച്ച് ദേവസ്വം സെക്രട്ടറിക്ക് കൈമാറി. സെക്രട്ടറി ഒപ്പുവെക്കുന്നതോടെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങും.
താൻ ഗുരുവായൂരപ്പന്റെ ഭക്തനാണെന്ന് എ.വി. ഗോപിനാഥ് പറഞ്ഞു. പാലക്കാട്ടെ പ്രാദേശിക സി.പി.എം നേതൃത്വവുമായി തർക്കം നിലനിൽക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ ഗോപിനാഥിനെ ഈ പദവിയിലേക്ക് നിയോഗിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പെരിങ്ങോട്ടുകുറിശ്ശിയിൽ എൽ.ഡി.എഫ് സഖ്യത്തിൽ സ്വതന്ത്ര ജനാധിപത്യ മുന്നണി (IDF) സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടിരുന്നു. തന്നെ തോൽപ്പിച്ചതിന് പിന്നിൽ സി.പി.എമ്മിലെ ചില പ്രാദേശിക നേതാക്കളാണെന്ന് അദ്ദേഹം അന്ന് ആരോപിച്ചിരുന്നു.
അര നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ഗുരുവായൂര്‍ ദേവസ്വം ഭരണസമതിയിലേക്ക് വനിത അംഗം എത്തിയിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ എം യു ഷിനിജയിലൂടെയാണ് ഭരണസമിതിയില്‍ വീണ്ടും വനിത പ്രവേശം സാധ്യമായത്. 1978ല്‍ ഭേദഗതി ചെയ്ത ഇപ്പോള്‍ നിലവിലുള്ള ഗുരുവായൂര്‍ ദേവസ്വം ചട്ടമനുസരിച്ച് രൂപവത്കരിച്ച ഒരു ഭരണസമിതിയിലും ഇതുവരെ വനിത അംഗം ഉണ്ടായിട്ടില്ല.
1971 ല്‍ ഗുരുവായൂര്‍ ക്ഷേത്രഭരണം സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഭരണസമിതികളില്‍ സ്ത്രീ പ്രാതിനിധ്യം ഉണ്ടായിരുന്നു. സാഹിത്യകാരി എന്‍ ബാലാമണിയമ്മ, ദേവകിയമ്മ എന്നിവര്‍ ആദ്യകാലത്തെ ഭരണ സമതിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ 1978ല്‍ ചട്ടം ഭേദഗതി ചെയ്ത ശേഷം വനിതകള്‍ ഭരണസമിതിയില്‍ എത്തിയില്ല. മൂന്ന് പാരമ്പര്യ അംഗങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ ഹിന്ദു മന്ത്രിമാര്‍ ചേര്‍ന്ന് നാമനിര്‍ദ്ദേശം ചെയ്യുന്ന ആറ് അംഗങ്ങളും ഉള്‍പ്പെട്ടതാണ് ഭരണസമിതി. രണ്ട് വര്‍ഷമാണ് കാലാവധി.
















