ആലപ്പുഴ: എസി റോഡും പെരുമ്പളം പാലവും മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.752 കോടി ചെലവഴിച്ചു നിര്‍മ്മിച്ച ആലപ്പുഴ -ചങ്ങനാശ്ശേരി റോഡ്(എസി റോഡ്), 65. 5 കോടി രൂപയില്‍ നിര്‍മിച്ച പടഹാരം പാലം, കാവാലം തട്ടാശ്ശേരി പാലത്തിന്റെ നിര്‍മ്മാണം എന്നിവയുടെ ഉദ്ഘാടനം മങ്കൊമ്പ് ജങ്ഷനില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു.
പെരുമ്പളം പാലത്തിന് സമീപം സംഘടിപ്പിച്ച ചടങ്ങില്‍ പാലത്തിന്റെ സമര്‍പ്പണം മുഖ്യമന്ത്രി നിര്‍വഹിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷനായി. കായലിന് കുറുകെ നിര്‍മ്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പെരുമ്പളം പാലം ഉദ്ഘാടനം ചെയ്തതോടെ നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട ദ്വീപ് നിവാസികളുടെയും മറ്റാവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവരുടെയും വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിനാണ് പരിഹാരമാകുന്നത്.
ദ്വീപിലേക്ക് കിഫ്ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. ആകെ 1155.40 മീറ്റര്‍ നീളമുള്ള പാലത്തിന് 35 മീറ്റര്‍ 27 സ്പാനുകളുണ്ട്. കൂടാതെ കായലിലെ ജലഗതാഗതത്തിന് തടസ്സം വരാത്ത രീതിയില്‍ 55 മീറ്റര്‍ നീളമുള്ള മൂന്ന് ബോ സ്ട്രിങ് ആര്‍ച്ച് സ്പാനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 11 മീറ്റര്‍ വീതിയുള്ള പാലത്തിന്റെ ഇരുവശങ്ങളിലും കാല്‍നടയാത്രക്കാര്‍ക്കായി ഒന്നര മീറ്റര്‍ വീതിയുള്ള നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. വേമ്പനാട് കായലിന്റെ പ്രകൃതിരമണീയമായ കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് പാലത്തിന്റെ രൂപകല്പന.
പൊതുമരാമത്ത് വകുപ്പിന്റെ സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ചങ്ങനാശ്ശേരി പെരുന്ന ജങ്ഷന്‍ (എംസി റോഡ് ) മുതല്‍ ആലപ്പുഴ കളര്‍കോട് ജങ്ഷന്‍ (ദേശീയപാത 66) വരെയുള്ള 24.164 കിലോമീറ്റര്‍ ദൂരത്തിലാണ് എസി റോഡ് പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്. 752 കോടി രൂപ ചെലവഴിച്ചാണ് അമ്പലപ്പുഴ, കുട്ടനാട്, ചങ്ങനാശ്ശേരി എന്നീ നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ഈ പാത പൂര്‍ത്തിയാക്കിയത്. ഡിബിഎം ആന്‍ഡ് ബിസി പ്രതല നിര്‍മ്മാണത്തിലൂടെ മികച്ച യാത്രാസൗകര്യം ഒരുക്കിയ റോഡിന് 10 മീറ്റര്‍ വീതിയാണുള്ളത്. അഞ്ച് ഫ്ലൈ ഓവറുകള്‍, നാല് വലിയ പാലങ്ങള്‍, 14 ചെറിയ പാലങ്ങള്‍, മൂന്ന് കോസ് വേകള്‍, 73 കലുങ്കുകള്‍ എന്നിവ ഇതിന്റെ ഭാഗമായി നിര്‍മ്മിച്ചു. റോഡിന് ഇരുവശവും ടൈല്‍ പാകിയ നടപ്പാതകളും ഓടകളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, ഭാവിയിലെ ആവശ്യങ്ങള്‍ക്കായി വലതുവശത്ത് പ്രത്യേക യൂട്ടിലിറ്റി ഡക്റ്റും ഒരുക്കി.
48 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ആധുനിക രീതിയിലുള്ള തെരുവ് വിളക്കുകള്‍, സുരക്ഷാ ബാരിയറുകള്‍, ദിശാ ബോര്‍ഡുകള്‍, കൃത്യമായ റോഡ് മാര്‍ക്കിങ്ങുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
















