കോഴിക്കോട്: കേരളത്തിന്റെ വൈചാരിക മേഖലയില്‍ നെഹ്‌റൂവിയന്‍, മാര്‍ക്‌സിയന്‍, മൗദൂദിയന്‍ അന്തര്‍ധാരയാണുള്ളതെന്ന് സി. സദാനന്ദന്‍ മാസ്റ്റര്‍ എം.പി. സമ്യക് പബ്ലിക്കേഷന്‍സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വൈചാരിക മേഖലയെ നിയന്ത്രിക്കാന്‍ പരിശ്രമിക്കുന്ന ഈ മൂന്ന് വിഭാഗങ്ങളും പൊളിറ്റക്കല്‍ ഇസ്ലാം എന്ന ആശയത്തെ പിന്തുണയ്‌ക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തില്‍ ഫെഡറലിസം തകര്‍ന്നു എന്ന് പ്രചരിപ്പിക്കാന്‍ കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ മിക്കവയും ദേശീയതയെയും ഭാരതീയതയെയും തടസ്സപ്പെടുത്തുന്നത് ലക്ഷ്യമായി പ്രവര്‍ത്തിക്കുന്നു. ദേശവിരുദ്ധ ആശയങ്ങളുടെ ദുസ്വാധീനമാണ് ഒരു വിഭാഗം മാധ്യമങ്ങളിലുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേശവദേവ് പരാമര്‍ശിച്ച വധയന്ത്രം അക്ഷരങ്ങളിലൂടെ ഇവിടെ നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമ്യക് പബ്ലീഷേഴ്‌സിന്റെ ആദ്യ രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. ഇ.എന്‍. നന്ദകുമാറിന്റെ ‘ഇന്നുമുണ്ട് ആ വധയന്ത്രം’, ഡോ. മധു മീനച്ചിലിന്റെ ‘യുദ്ധഭൂമിയില്‍ നിന്ന് ബുദ്ധഭൂമിയിലേക്ക്’ എന്നീ ഗ്രന്ഥങ്ങള്‍ സി. സദാനന്ദന്‍ മാസ്റ്റര്‍, ആചാര്യശ്രീ എം.ആര്‍. രാജേഷ് എന്നിവര്‍ പ്രകാശനം ചെയ്തു. സമ്യക് പബ്ലിഷേഴ്‌സ് ഡയറക്ടര്‍ ശരത് എടത്തില്‍ അധ്യക്ഷത വഹിച്ചു. ഡോ. ആര്‍. രാമാനന്ദ്, കാവാലം ശശികുമാര്‍, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഇ.എന്‍. നന്ദകുമാര്‍, ഡോ. മധു മീനച്ചില്‍ എന്നിവര്‍ മറുമൊഴി നടത്തി.
















