കൊല്ലം: കൊല്ലം ജില്ലയെ നടുക്കിയ 18കാരനായ ഹരികൃഷ്ണന്റെ കൊലപാതകം കേരളക്കരയെ ഒന്നാകെ നൊമ്പരപ്പെടുത്തുന്നു. ക്ഷേത്രോത്സവത്തിനിടെ മദ്യപസംഘത്തിന്റെ ക്രൂരമർദ്ദനത്തിനിരയായി ജീവൻ വെടിഞ്ഞ പതിനെട്ടുകാരൻ ഹരികൃഷ്ണന്റെ വേർപാട് ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷകളെയാണ് തല്ലിക്കെടുത്തിയത്.കഴിഞ്ഞ ഞായറാഴ്ച മരുത്തടി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
യാതൊരു പ്രകോപനവുമില്ലാതെ ആറംഗ മദ്യപസംഘം ഹരികൃഷ്ണനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സഹോദരൻ ജയകൃഷ്ണനും ബന്ധുവിനും അക്രമികളുടെ മർദ്ദനമേറ്റു.സംസ്കാര ചടങ്ങുകളിൽ ആയിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട ‘പൊടിമോന്’ വിടചൊല്ലാൻ എത്തിയത്.രോഗം തളർത്തിയ മാതാപിതാക്കളുടെ ഏക പ്രതീക്ഷയായിരുന്നു ഹരികൃഷ്ണൻ. പാർക്കിൻസൺസ് രോഗം ബാധിച്ച് ശാരീരികമായി അവശനായ അച്ഛൻ ജയസേനനും, മകന്റെ വിയോഗത്തിൽ അലമുറയിടുന്ന അമ്മ രജനിയും കേരളത്തിന്റെ മനസ്സാക്ഷിയെ നോവിക്കുന്ന കാഴ്ചയായി മാറി.
തന്റെ കുടുംബത്തിന്റെ ദാരിദ്ര്യം തിരിച്ചറിഞ്ഞ്, പോളിടെക്നിക് പഠനത്തോടൊപ്പം തന്നെ കൂലിപ്പണിക്ക് പോയും അവൻ വീട് പുലർത്തിയിരുന്നു. മാതാപിതാക്കളുടെ മരുന്നിനും ഭക്ഷണത്തിനുമുള്ള വക ആ പതിനെട്ടുകാരന്റെ വിയർപ്പിൽ നിന്നാണ് കണ്ടെത്തിയിരുന്നത്. രാജ്യത്തെ സേവിക്കണമെന്ന മോഹവുമായി സൈന്യത്തിൽ ചേരാൻ തയ്യാറെടുത്തിരുന്ന ആ യുവാവിന്റെ സ്വപ്നങ്ങൾ ഒരു നിമിഷത്തെ ലഹരിയുടെ ക്രൂരതയിൽ ഇല്ലാതായി.












