കണ്ണൂർ: രാഷ്‌ട്രീയ വൃത്തങ്ങളിൽ ചർച്ചയായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ വി.ജെ. ഷാജിയുടെ ബിജെപി സന്ദർശനം. കണ്ണൂരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത അദാലത്തിലാണ് പരാതിക്കാരനായി ഷാജി എത്തിയത്. സണ്ണി ജോസഫിന്റെ ഇളയ സഹോദരനും ഉളിക്കൽ സ്വദേശിയുമായ ഷാജി, ബിജെപിയിൽ ചേരുന്ന കാര്യം സജീവ പരിഗണനയിലാണെന്നും സൂചിപ്പിച്ചു.
തന്റെ ഗ്യാസ് ഏജൻസിയുടെ ലൈസൻസുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാനാണ് ബിജെപി അദാലത്തിലെത്തിയതെന്ന് ഷാജി പറഞ്ഞു. മുൻപ് യുഡിഎഫ് സർക്കാരിന്റെ കാലത്താണ് തന്റെ ഏജൻസി ലൈസൻസ് റദ്ദാക്കപ്പെട്ടതെന്നും ആ സമയത്ത് സഹോദരനായ സണ്ണി ജോസഫ് തന്നെ സഹായിക്കാൻ തയ്യാറായില്ലെന്നും ഷാജി കുറ്റപ്പെടുത്തി. താനും സണ്ണി ജോസഫും വ്യത്യസ്ത രാഷ്‌ട്രീയ നിലപാടുകളുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2011-ൽ തന്നെ താൻ കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചതാണെന്ന് ഷാജി വ്യക്തമാക്കി. ബിജെപിയിൽ ചേരുന്ന കാര്യം ആലോചനയിലുണ്ടെന്നും എന്നാൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.














