കോയമ്പത്തൂർ: ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകൾ കസ്തൂരി ജി.കുട്ടിയെ (83) നഞ്ചുണ്ടാപുരം റോഡിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൈകാൽ ബന്ധിച്ച്, വായിൽ പ്ലാസ്റ്ററൊട്ടിച്ച്, കട്ടിലിൽക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം.നഞ്ചുണ്ടാപുരം റോഡിലെ പാർസൺ അപ്പാർട്ട്‌മെന്റിലാണ് മകനൊപ്പം ഇവർ താമസിച്ചിരുന്നത്.
സഹായത്തിന് നേപ്പാൾ സ്വദേശിനിയായ ഹോംനഴ്‌സുമുണ്ടായിരുന്നു. മകൻ ഡോ. രാംകുമാർകുട്ടി വിദേശയാത്രയിലാണ്. വെള്ളിയാഴ്ച രാവിലെ ടി.വി.എച്ച്.നഗറിൽ താമസിക്കുന്ന മകൾ ഫോണിൽവിളിച്ചപ്പോൾ മറുപടി കിട്ടാതിരുന്നതിനാൽ അയൽവാസികളെ വിവരമറിയിയിച്ചു. അവർവന്ന് നോക്കിയപ്പോഴാണ് സംഭവമറിയുന്നത്. തുടർന്ന്, രാമനാഥപുരം പോലീസിനെ വിവരമറിയിച്ചു. സി.സി.ടി.വി. പരിശോധിച്ചപ്പോൾ വെള്ളിയാഴ്ച രാത്രി 12.15-ന് മൂന്നുപേർ ഫ്ളാറ്റിൽവന്നതായി കാണുന്നുണ്ട്. അരമണിക്കൂറിനകം ഇവർ തിരിച്ചുപോവുകയും ചെയ്തു.
സഹായിയായ നേപ്പാൾസ്വദേശിനി സുർജറോക്കി (37) അക്രമികൾക്ക് വാതിൽ തുറന്നുകൊടുക്കുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവരുടെ മൊബൈൽഫോൺ വീടിന് സമീപത്തുനിന്ന് കണ്ടെത്തിയതായും പോലീസ് പറഞ്ഞു.വീട്ടിലെ അലമാരകളെല്ലാം കുത്തിത്തുറന്ന നിലയിലാണ്. കസ്തൂരി ധരിച്ചിരുന്ന രണ്ടുപവൻമാല നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റെന്തെല്ലാം നഷ്ടപ്പെട്ടു എന്നത് വ്യക്തമായിട്ടില്ല. നേപ്പാൾ സ്വദേശിനിയെയും കാണാതായിട്ടുണ്ട്. നിരവധി താമസക്കാരുള്ള അപ്പാർട്ട്‌മെന്റിൽ 24 മണിക്കൂറും കാവലുണ്ട്. അന്വേഷണത്തിന് ആറംഗ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു.
















