ന്യൂദല്‍ഹി; ഇറാന്റെ ഒരു യുദ്ധക്കപ്പല്‍ അമേരിക്ക ടോര്‍പിഡോ വിട്ട് തകര്‍ത്തതിന് ശേഷം ഇറാന്റെ മറ്റൊരു യുദ്ധക്കപ്പലിനും അതിലെ ജോലിക്കാര്‍ക്കും അഭയം നല്‍കിയ ഇന്ത്യയുടെ നടപടി അസാധാരണമായ ബാലന്‍സിങ്ങ് ആക്ടാണെന്ന് വിദഗ്ധര്‍.
പരിശീലനത്തിനായി ഇന്ത്യൻ ജലാശയത്തിലായിരുന്ന ഇറാനിയൻ കപ്പല്‍ അറ്റകുറ്റപ്പണി ആവശ്യമാണെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചതോടെയാണ് ഇന്ത്യ ലവന്‍ എന്ന പേരുള്ള കപ്പലിന് കൊച്ചിയില്‍ അഭയം നല്‍കിയത്. ഇറാന്‍ യുദ്ധക്കപ്പലിനും അതിലെ 183 ജീവനക്കാര്‍ക്കും അഭയം നല്‍കുക വഴി ഇന്ത്യയുടെ സാമുദ്രികമായ ഉത്തരവാദിത്തങ്ങൾ ഉയർത്തിപ്പിടിക്കുകയായിരുന്നു ഇന്ത്യ. അതുവഴി അമേരിക്കയുമായുള്ള ബന്ധം സന്തുലിതമാക്കുന്ന ഒരു വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്വമാണ് ഇന്ത്യ എറ്റെടുത്തത്. അസാധാരണ നയതന്ത്രം എന്നാണ് പല വിദഗ്ധരും ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്.
ഇറാന്റെ ദേന എന്ന കപ്പല്‍ അമേരിക്ക ആക്രമിച്ചത് ശ്രീലങ്കയില്‍ വെച്ചാണ്. ഇന്ത്യയുടെ സമുദ്രാതിര്‍ത്തി വിട്ടതിന് ശേഷമായിരുന്നു ഈ ആക്രമണം. എന്നിട്ടും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും അനാവശ്യമായി സര്‍ക്കാരിനെ വിമര്‍ശിച്ചു. യുഎസിനോട് “നിശബ്ദത” പുലര്‍ത്തുന്ന അല്ലെങ്കിൽ “അടിമത്തം” കാട്ടുന്നു എന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. പക്ഷെ ഇപ്പോള്‍ അഭയം ചോദിച്ചുവന്ന മറ്റൊരു ഇറാന്‍ കപ്പലിനും അതിലെ 183 ഇറാന്‍ജീവനക്കാര്‍ക്കും കൊച്ചിയില്‍ അഭയവും സുരക്ഷയും നല്‍കുക വഴി ഇന്ത്യ ഇറാനെയും അമേരിക്കയെയും സമതുലിതമായി സമീപിക്കുന്നു എന്ന പ്രതീതിയാണ് ഉണ്ടായിരിക്കുന്നത്. അതേ സമയം ഈ കപ്പലിന്റെയും അതിലെ ഇറാന്‍കാരായ ജീവനക്കാരുടെയും സുരക്ഷ ഇന്ത്യയ്‌ക്ക് വലിയ ഉത്തരവാദിത്വം തന്നെയാണ്.
















