ഇടുക്കി: പീഡിപ്പിച്ചയാള്‍ക്ക് അനുകൂലമായി മൊഴിമാറ്റാന്‍ നിര്‍ബന്ധിച്ച പബ്ലിക് പ്രോസിക്യൂട്ടറെ ഇന്ത്യന്‍ ബാര്‍ കൗണ്‍സില്‍ രണ്ടു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ ജില്ലാ നേതാവുമായ കെ. ആര്‍ രജിത് കുമാറിനെതിരെയാണ് നടപടി. ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതിയിലെ പ്രോസിക്യൂട്ടറായിരിക്കെ പീഡനത്തിന് ഇരയായ ഇടുക്കി സ്വദേശിനിയെ ഓഫീസില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുകയും പ്രതിക്ക് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നുവെന്നാണ് പരാതി. അതിജീവിത അഭിഭാഷകന്‍ വഴി കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസ് എറണാകുളം ജില്ലാ കോടതിയിലേക്ക് മാറ്റി വിചാരണ നടത്തുകയും പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ് ശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു.
















