കൊച്ചി: വെടക്കാക്കി തനിക്കാക്കുക എന്ന നയവുമായി പോക്‌സോ കേസില്‍ കുടുക്കി ബിജെപി കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍.ശ്രീലേഖയെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയില്‍ നിയമപോരാട്ടം തുടങ്ങി ശ്രീലേഖ. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.
മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. ഹർജിയിൽ മ്യൂസിയം പൊലീസിനോട് ഹൈക്കോടതി റിപ്പോർട്ട് തേടിയിരിക്കുകയാണ്. കിളിരൂർ, കവിയൂർ പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന പേരിലാണ് ആർ. ശ്രീലേഖയ്‌ക്കെതിരെ കേസെടുത്തത്.
സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തി എന്നാണ് എഫ്ഐആർ. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. 2022 ഓഗസ്റ്റ് 14ന് സംപ്രേഷണം ചെയ്ത എപ്പിസോഡിൽ കിളിരൂർ, കവിയൂർ പീഡനക്കേസുകളെ പരാമർശിച്ചുകൊണ്ട് ചെയ്ത യൂട്യൂബിലെ എപ്പിസോഡിലാണ് ഇരകളെ തിരിച്ചറിയും വിധം മാതാപിതാക്കളുടെ അടക്കം പേര് വെളിപ്പെടുത്തിയതെന്ന് എഫ്ഐആര്‍.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സിവിൽ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി (CRSJS) സെക്രട്ടറി ആർ. ജയചന്ദ്രനാണ് പരാതിക്കാരൻ.
















