പരിശീലന ദൗത്യത്തിലായിരുന്ന സുഖോയ് Su-30MKI വിമാനം ആസാമില്‍ തകർന്നുവീണു രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു. ജോർഹട്ടിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള കർബി ആംഗ്ലോംഗ് മേഖലയിലാണ് തകർന്നുവീണതെന്ന് വ്യോമസേന പ്രസ്താവനയിൽ അറിയിച്ചു. അപകടത്തിൽ സ്ക്വാഡ്രൺ ലീഡർ അനുജ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് പുർവേഷ് ദുരഗ്കർ എന്നിവർക്ക് ജീവൻ നഷ്ടമായതായി വെള്ളിയാഴ്ച വ്യോമസേന സ്ഥിരീകരിച്ചു.
”അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ വ്യോമസേനയിലെ എല്ലാ ഉദ്യോഗസ്ഥരും പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു,” ഐഎഎഫ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ജോർഹട്ട് എയർബേസിൽ നിന്ന് പറന്നുയർന്ന വിമാനവുമായി രാത്രി 7.42നാണ് ആശയവിനിമയം നഷ്ടപ്പെട്ടത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വിമാനം തകർന്ന നിലയിൽ കണ്ടെത്തിയത്. റഷ്യൻ സാങ്കേതികവിദ്യയിൽ വികസിപ്പിച്ച ഈ യുദ്ധവിമാനം നിലവിൽ ഇന്ത്യയിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) ആണ് നിർമിക്കുന്നത്.












