ന്യൂഡൽഹി : മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങൾക്കിടയിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ കുടുങ്ങിയ ഹജ്ജ് തീർത്ഥാടകരെ അടക്കം സുരക്ഷിതമായി നാട്ടിലെത്തിച്ച് മോദി സർക്കാർ . കേന്ദ്ര സർക്കാർ പ്രത്യേക ഇൻഡിഗോ വിമാനം ക്രമീകരിച്ചാണ് എല്ലാ യാത്രക്കാരെയും സുരക്ഷിതമായി അഹമ്മദാബാദിൽ എത്തിച്ചത്.
മോദി സർക്കാർ ഇല്ലായിരുന്നെങ്കിൽ , പ്രത്യേക വിമാനം ക്രമീകരിച്ചില്ലായിരുന്നുവെങ്കിൽ, മടക്ക യാത്ര വളരെ ബുദ്ധിമുട്ടാകുമായിരുന്നുവെന്ന് മടങ്ങിയെത്തിയ യാത്രക്കാരിൽ ഒരാൾ പറഞ്ഞു. യാത്രയിലുടനീളം അവരുടെ സുരക്ഷയും സുഖസൗകര്യങ്ങളും ഉറപ്പാക്കിയതിന് മോദി സർക്കാരിനും , വിമാനക്കമ്പനിയ്‌ക്കും ജീവനക്കാർക്കും യാത്രക്കാർ നന്ദി പറഞ്ഞു. ദുഷ്‌കരമായ സമയത്ത് ഇന്ത്യൻ എംബസി യാത്രക്കാരുമായി നിരന്തരം സമ്പർക്കം പുലർത്തി. ഉദ്യോഗസ്ഥർ അവരെ ആശ്വസിപ്പിക്കുകയും ആവശ്യമായ എല്ലാ വിവരങ്ങളും പങ്കുവെക്കുകയും ചെയ്തുവെന്നും യാത്രക്കാർ പറയുന്നു.
എങ്ങനെ വീട്ടിലേക്ക് മടങ്ങുമെന്ന് ആശങ്കാകുലരായിരുന്നു. വിമാനങ്ങൾ റദ്ദാക്കിയിരുന്നു, ഭാവി അനിശ്ചിതത്വത്തിലായി. ഇത്ര വേഗത്തിലും സുരക്ഷിതമായും ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയുമെന്ന് പല യാത്രക്കാരും ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് ഹജ്ജ് തീർത്ഥാടക സംഘാംഗങ്ങൾ പറയുന്നത്.
അഹമ്മദാബാദ് വിമാനത്താവളത്തിലേക്ക് മടങ്ങുന്ന നിരവധി യാത്രക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും പരസ്യമായി നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഇടപെടൽ മൂലമാണ് തങ്ങളുടെ സുരക്ഷിതമായ തിരിച്ചുവരവ് സാധ്യമായതെന്നും ഇവർ പറഞ്ഞു.
വിമാനത്താവളത്തിൽ “ഭാരത് മാതാ കീ ജയ്” വിളിച്ചാണ് മടങ്ങിയെത്തിയവരെ സ്വീകരിച്ചത് . പല യാത്രക്കാരുടെയും കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ തങ്ങളെ കൈവിടാതിരുന്നതിന് അല്ലാഹുവിനോടും ഇന്ത്യൻ സർക്കാരിനോടും നന്ദിയുള്ളവരാണെന്ന് ഹജ്ജ് തീർത്ഥാടകൻ പറഞ്ഞു. “അവിടെ യുദ്ധസമാനമായ ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. ഞങ്ങൾ സുരക്ഷിതമായി മടങ്ങി. സർക്കാർ ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകി. വിമാനത്താവളം 2-3 ദിവസത്തേക്ക് അടച്ചിരുന്നു. ഞാൻ സർക്കാരിനോട് നന്ദി പറയുന്നു.” എന്നാണ് യാത്രക്കാരിലൊരാളായ ഫൈസാൻ പറയുന്നത്.
















