കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ നേതൃത്വത്തിലുള്ള മർകസ് നോളജ് സിറ്റിക്കു കീഴിലെ മർകസ് യുനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി നൽകാൻ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ സ്ഥാപനത്തിലെ അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും സർക്കാർ നേരിട്ട് ശമ്പളം നൽകേണ്ടി വരും. കോളേജിന്റെ നടത്തിപ്പ് മർകസിന്റെ കീഴിൽത്തന്നെ തുടരും.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തരിക്കെ കാന്തപുരം എ പി അബൂബക്കർ മുസല്യാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗത്തെ തങ്ങളുടെ കൂടെ നിർത്താനല്ല രാഷ്‌ട്രീയ നീക്കത്തിന്റെ ഭാഗമായാണ് സർക്കാരിന്റെ ഈ തീരുമാനം. സെൽഫിനാൻസിംഗ് കോളേജ് ആയ യുനാനി മെഡിക്കൽ കോളജിന് എയ്ഡഡ് പദവി നൽകുന്നതോടെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളമടക്കമുള്ള വലിയ സാമ്പത്തിക ബാധ്യത സർക്കാർ ഖജനാവിൽ നിന്ന് വഹിക്കേണ്ടി വരും. വൻതുക ഫീസ് ഈടാക്കി പ്രവേശനം നടത്തുന്ന സ്വാശ്രയ സ്ഥാപനത്തിന് ഇത്തരത്തിൽ എയ്ഡഡ് പദവി നൽകുന്നത് ഖജനാവിന് വൻ ബാധ്യതയാകുമെന്നാണ് റിപ്പോർട്ട്.
എയ്ഡഡ് പദവി നൽകുന്നതിന് പിന്നിൽ രാഷ്‌ട്രീയ താത്പര്യങ്ങളാണെന്നാണ് ആരോപണം.താമരശ്ശേരി കൈതപ്പൊയിലിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനം സംസ്ഥാനത്തെ ഏക യുനാനി മെഡിക്കൽ കോളേജാണ്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ നിയന്ത്രണത്തിലുള്ള കോളേജിന് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുൻപാണ് സർക്കാർ ഈ ആനുകൂല്യം പ്രഖ്യാപിച്ചത്.
















