കൊല്ലം: കൊല്ലം കോര്‍പറേഷനില്‍ ബജറ്റ് ചര്‍ച്ചയില്‍ പ്രധാനമന്ത്രിക്ക് നേരെ അധിക്ഷേപം. 2026-27 വര്‍ഷത്തെ ബജറ്റ് അവതരണത്തിന്റെ ഭാഗമായുള്ള ചര്‍ച്ച ഇന്നലെ കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടക്കുകയായിരുന്നു. ഇതിനിടയിലാണ് ആക്കോലില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ എ.കെ.അസൈന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവര്‍ത്തനങ്ങളെ പുച്ഛിച്ച് കൊണ്ട് അധിക്ഷേപിച്ചത്. ഇതിനെ തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാരായ ബി. ഷൈലജ, ടി.ജി. ഗിരീഷ്, ശശികലാറാവു, മോന്‍സിദാസ് എന്നിവര്‍ ഡയസില്‍ കയറി പ്രതിഷേധിച്ചു.
പ്രധാനമന്ത്രിയെ കുറ്റം പറയുന്നവര്‍ പാകിസ്ഥാനില്‍ പോയി ജയ് വിളിക്കണമെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഗിരീഷ് പറഞ്ഞു. സീറ്റ് വിട്ട് ഇറങ്ങിയ മറ്റ് അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ഒടുവില്‍ യുഡിഎഫ് അംഗങ്ങള്‍ സംഘടിതമായി ബിജെപി അംഗങ്ങളെ കയ്യേറ്റം ചെയ്യാനെത്തി. മേയറും മുതിര്‍ന്ന അംഗങ്ങളും ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയായിരുന്നു. യോഗത്തില്‍ സഭ്യമായ ഭാഷ മാത്രം ഉപയോഗിക്കണമെന്ന് മേയര്‍ എ.കെ. ഹഫീസ് പറഞ്ഞു.
ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഇത്തരത്തില്‍ ആക്ഷേപിച്ചത് വേദനാജനകമെന്ന് ടി.ജി. ഗിരീഷ് ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയം പറയുമ്പോള്‍ ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ പതിവാണെങ്കിലും അതിനുപയോഗിക്കുന്ന വാക്കുകള്‍ക്ക് മാന്യത വേണമെന്ന് ബിജെപി കൗണ്‍സിലര്‍ ബി. ഷൈലജ വ്യക്തമാക്കി. ഒടുക്കം പ്രധാനമന്ത്രിയെ ആക്ഷേപിച്ചതിന് ആക്കോലില്‍ വാര്‍ഡ് കൗണ്‍സിലര്‍ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യത്തെ അംഗീകരിച്ചില്ല. ഇതോടെ ബജറ്റ് ചര്‍ച്ച ബഹിഷ്‌കരിച്ച് ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോകുകയായിരുന്നു.
യുഡിഎഫിന്റെ രാജ്യവിരുദ്ധ നിലപാടിനും പ്രധാനമന്ത്രിയെ അപമാനിച്ചതിനും എതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലും പ്രതിഷേധിച്ചു. നിരവധി ബിജെപി പ്രവര്‍ത്തകരും മണ്ഡലം നേതാക്കളും പ്രതിഷേധത്തില്‍ പങ്കാളികളായി.
















