ബിഹാർ മുഖ്യമന്ത്രി സ്ഥാനം ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ രാജിവക്കുമെന്ന് റിപ്പോർട്ട്. ബീഹാർ രാഷ്‌ട്രീയത്തിൽ പുതിയ വഴിത്തിരിവ്. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി നിതീഷ് കുമാർ രാവിലെ 11:30 ന് ബീഹാർ നിയമസഭയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ജെഡിയു സ്ഥാനാർത്ഥി രാംനാഥ് താക്കൂറും അദ്ദേഹത്തോടൊപ്പം നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ ഒഴിയും.ഇതോടെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കും എന്നും അദ്ദേഹത്തിന്റെ മകൻ നിശാന്ത് കുമാറിന് പുതിയ രാഷ്‌ട്രീയ സാഹചര്യത്തിൽ എന്ത് പങ്കുണ്ടാകുമെന്നുമുള്ള ചോദ്യങ്ങൾ ഉയർന്നു കഴിഞ്ഞു. എന്നാൽ, ബിജെപി മുഖ്യമന്ത്രി വരുമെന്നാണ് സൂചന.നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിയേക്കുമെന്ന് സൂചനകളുണ്ട്.
ജെഡിയുവിൽ നിന്നോ എൻഡിഎ സഖ്യത്തിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, നിശാന്ത് കുമാറിന്റെ സജീവ രാഷ്‌ട്രീയ പ്രവേശനത്തെക്കുറിച്ച് നിതീഷ് കുമാറുമായി അടുത്ത ബന്ധമുള്ള ഒരു മുതിർന്ന മന്ത്രി സൂചന നൽകിയിട്ടുണ്ട്.
ബിജെപി സ്ഥാനാർത്ഥികളും ഇതേ ക്രമത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നവീൻ, ശിവേഷ് കുമാർ എന്നിവരും നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാഷ്‌ട്രീയ ലോക് മോർച്ച (ആർഎൽഎം) പ്രസിഡന്റ് ഉപേന്ദ്ര കുശ്വാഹയും രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
നാമനിർദ്ദേശങ്ങൾക്ക് ശേഷം, അമിത് ഷാ മുഖ്യമന്ത്രി നിതീഷ് കുമാറുമായും മറ്റ് എൻഡിഎ നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള ഫോർമുല ഈ യോഗം ചർച്ച ചെയ്യും. ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനവും ജെഡിയുവിന് രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങളും ലഭിക്കുമെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ജെഡിയു ദേശീയ എക്സിക്യൂട്ടീവ് പ്രസിഡന്റ് സഞ്ജയ് ഝയുടെ വസതിയിൽ നിരവധി മുതിർന്ന പാർട്ടി നേതാക്കൾ യോഗം ചേർന്നു. നിലവിലെ രാഷ്‌ട്രീയ സാഹചര്യവും നിതീഷ് കുമാറിന്റെ രാജ്യസഭാ സ്ഥാനാർത്ഥിത്വവും ചർച്ച ചെയ്തു.
















