ശ്രീനഗർ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ജമ്മു കശ്മീരിലെ ഷിയാ വിഭാഗം വീണ്ടും തെരുവിലിറങ്ങി. യുദ്ധത്തിന്റെ ആദ്യ ദിവസം നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം വീണ്ടും നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ ഇന്ത്യന്‍ സുരക്ഷാ സേന ജാഗ്രത പാലിച്ചു.
വ്യാജ പ്രചാരണങ്ങൾ നടത്തിയെന്ന് ആരോപിച്ച് ശ്രീനഗർ എംപി ആഗ സയ്യിദ് റുഹുള്ള മെഹ്ദി, മുൻ മേയർ ജുനൈദ് അസിം മട്ടു എന്നിവർക്കെതിരെ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള കണ്ടന്‍റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
കശ്മീർ താഴ്വരയിലുടനീളം പല ഗ്രൂപ്പുകളായി ഇവര്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ, പലയിടങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മുൻകരുതൽ നടപടിയായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാർച്ച് 7 വരെ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു. അപവാദങ്ങള്‍ പ്രചരിപ്പിക്കപ്പെടാതിരിക്കാന്‍ മൊബൈല്‍ ഇന്‍റര്‍നെറ്റിന്റെ വേഗത കുറച്ചു.
ജനങ്ങൾ കൂട്ടംകൂടുന്നതും സഞ്ചരിക്കുന്നതും തടയാൻ വിവിധ ഭാഗങ്ങളിൽ പൊലീസിനെയും സിആർപിഎഫിനെയും വൻതോതിൽ വിന്യസിച്ചിട്ടുണ്ട്. ഷിയാ വിഭാഗക്കാർ കൂടുതലായുള്ള പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം നടന്ന ഇടങ്ങളിലും സുരക്ഷ ശക്തമാക്കി. നഗരത്തിലേക്കുള്ള പ്രധാന പാതകളിൽ ബാരിക്കേഡുകളും മുള്ളുവേലികളും സ്ഥാപിച്ച് ഗതാഗതത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഞായറാഴ്ച ഖമനെയിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ വൻ പ്രതിഷേധം അരങ്ങേറിയ ലാൽ ചൗക്കിലെ പ്രശസ്തമായ ക്ലോക്ക് ടവർ പ്രദേശം പൂർണ്ണമായും അടച്ചു.
















