ന്യൂഡൽഹി : ഇറാനിൽ യുഎസ് – ഇസ്രയേൽ ആക്രമണങ്ങൾ ശക്തമായി തുടരുകയാണ് . ഇവയെ ഫലപ്രദമായി ചെറുക്കാൻ ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചിട്ടില്ല. ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാന് നേരിടേണ്ടി വന്ന ആശങ്ക ഇറാനുമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇറാന്റെ പക്കലുള്ള ചൈനീസ് നിർമിത വ്യോമ പ്രതിരോധ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ചൈനയിൽ നിന്ന് സ്വന്തമാക്കിയ എച്ച്.ക്യു-9ബി എന്ന വ്യോമ പ്രതിരോധ സംവിധാനങ്ങളും പഴയ സോവിയറ്റ് യൂണിയൻ കാലഘട്ടത്തിലെ പ്രതിരോധ സംവിധാനങ്ങളെ ഉപയോഗിച്ച് സ്വന്തമായി വികസിപ്പിച്ച സംവിധാനങ്ങളുമായിരുന്നു ഇറാന്റെ പക്കലുണ്ടായിരുന്നത്.
ഇറാന്റെ വ്യോമപ്രതിരോധത്തിന്റെ നട്ടെല്ലായിരുന്നു എച്ച്.ക്യു-9ബി. . തങ്ങളുടെ ആണവ കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിനായി 2025 ജൂലൈയിൽ ഇറാൻ ചൈനയിൽ നിന്ന് വാങ്ങിയതായിരുന്നു ഈ സംവിധാനം. എന്നാൽ ടെഹ്റാനിലെയും നതാൻസിലെയും പ്രധാന കേന്ദ്രങ്ങളെ സംരക്ഷിക്കാൻ ഇവയ്‌ക്ക് സാധിച്ചില്ല
എന്നാൽ യുഎസിന്റെയും ഇസ്രയേലിന്റെയും അത്യാധുനിക സ്റ്റെൽത്ത് വിമാനങ്ങളെയും ക്രൂയിസ് മിസൈലുകളെയും നേരിടുന്നതിൽ ചൈനീസ് സാങ്കേതികവിദ്യ പരാജയപ്പെട്ടു.
ഇത് മൂന്നാം തവണയാണ് ചൈനീസ് പ്രതിരോധ സംവിധാനങ്ങൾ സമാനമായ രീതിയിൽ പരാജയപ്പെടുന്നത്. 2025 മെയ് 7-ന് പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ചൈനീസ് ആയുധങ്ങളുടെ പോരായ്‌മകൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയിരുന്നു.
ഇന്ത്യയുടെ പ്രത്യാക്രമണങ്ങൾ കണ്ടെത്താൻ പാകിസ്താൻ വിന്യസിച്ചിരുന്ന ചൈനീസ് നിർമ്മിത റഡാറുകൾക്ക് സാധിച്ചിരുന്നില്ല. വെറും 10 മീറ്റർ ഉയരത്തിൽ പറന്ന ഇന്ത്യൻ ബ്രഹ്‌മോസ് മിസൈലുകളെ തടയുന്നതിൽ പാകിസ്താന്റെ പക്കലുണ്ടായിരുന്ന എച്ച്.ക്യു-9ബി മിസൈൽ പ്രതിരോധ സംവിധാനങ്ങളും പരാജയപ്പെട്ടു. കൂടാതെ പാകിസ്താൻ തൊടുത്തുവിട്ട ചൈനീസ് മിസൈലുകൾ ലക്ഷ്യംകാണാതെ പരാജയപ്പെടുകയും ചെയ്തു.
2026 ജനുവരിയിൽ അമേരിക്ക നടത്തിയ ‘ഓപ്പറേഷൻ അബ്‌സല്യൂട്ട് റിസോൾവ്’ എന്ന നീക്കത്തിൽ വെനിസ്വേലയുടെ ചൈനീസ് നിർമ്മിത റഡാറുകൾ നിഷ്പ്രഭമായി. അമേരിക്കൻ വിമാനങ്ങളെ കണ്ടെത്താനോ പ്രതിരോധിക്കാനോ ഈ സംവിധാനങ്ങൾക്ക് സാധിച്ചിരുന്നില്ല. വെനസ്വേലയിൽ കടന്നുകയറി യുഎസ് സൈന്യം പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ഇറാനിലെ ആക്രമണത്തിലും ചൈനീസ് ടെക്‌നോളജികൾ പരാജയപ്പെടുന്നത്. ചൈനീസ് മിസൈലുകളുടെ സോഫ്റ്റ്വെയറിലും എൻജിനുകളിലും വലിയ തകരാറുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ഇവ പരാജയപ്പെടുന്നതിൽ പ്രധാന കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.
















