ന്യൂദല്‍ഹി : ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ബീഹാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞേക്കുമെന്നും പകരം ബിജെപിയില്‍ നിന്നും മുഖ്യമന്ത്രി വരുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട്. പകരം നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് പോയേക്കുമെന്നും നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതോടെ മുഖ്യമന്ത്രി നിതീഷ് കുമാർ സംസ്ഥാന രാഷ്‌ട്രീയം വിട്ടേക്കും. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് വ്യാഴാഴ്ച പാർലമെന്‍റിന്റെ ഉപരിസഭയിലേക്ക് നിതീഷ് കുമാര്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എൻഡിഎ മുന്നണി വീണ്ടും അധികാരത്തിലേറി മാസങ്ങൾ പിന്നിടുമ്പോഴാണ് നിർണായക മാറ്റം.
ഏത് സാഹചര്യത്തിലാണ് നിതീഷ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് രാജ്യസഭയിലേക്ക് ചുവടുമാറുന്നത് എന്നത് സംബന്ധിച്ച് എന്‍ഡിടിവി വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മുമ്പ് കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയായും റെയിൽവേ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2015 മുതൽ ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന നിതീഷ് കുമാർ, ബീഹാറില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായി ഇരുന്ന രാഷ്‌ട്രീയനേതാവാണ്.
















