തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന ബാലസാഹിത്യ അവാർഡ് ജേതാവായ നോവലിസ്റ്റ് ശ്രീജിത് മൂത്തേടത്തിനെ ‘നായ’യെന്ന് വിളിച്ച് സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അധിക്ഷേപിച്ചു. ഇന്ന് സംസ്ഥാന പുരസ്‌കാരം സമ്മാനിച്ച ശേഷമാണ് സംഭവം. പുരസ്‌കാരം സമ്മാനിച്ചത് സംസ്ഥാന സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ.എസ്.അയ്യർ ഐഎഎസ് ആയിരുന്നു. പുരസ്‌കാര ജേതാക്കൾ ചിത്രമെടുത്തപ്പോൾ ശ്രീജിത് മൂത്തേടത്ത്, സാംസ്‌കാരിക ഡയറക്ടർക്കൊപ്പം നിന്നുവെന്നതാണ് കാരണമായി പറഞ്ഞത്.
ഇന്ന് കാലത്ത് 11 മണിക്കായിരുന്നു പുരസ്‌കാര വിതരണം. പരിപാടികൾ കഴിഞ്ഞ് വൈകിട്ട് നാലേകാൽ മണിയോടെ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ ഫോണിൽ വിളിച്ചാണ് ആക്രോശിച്ചത്. ചിത്രമെടുക്കുമ്പോൾ ശ്രീധറിന് ദിവ്യ.എസ്.അയ്യരോടൊപ്പം നിൽക്കാൻ ആയില്ല, അവർക്കിടയിൽ ശ്രീജിത് മൂത്തേടത്ത് നിന്നുവെന്നാണ് കാരണം പറഞ്ഞത്. ‘നീ ആരാടാ നായേ’ എന്ന് ചോദിച്ചായിരുന്നു ശ്രീധരൻ ആക്രോശിച്ചതെന്ന് ശ്രീജിത് പറഞ്ഞു.
‘സാർ, താങ്കൾ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടറാണ്. നിങ്ങൾ പ്രഖ്യാപിച്ച പുരസ്‌കാരം വാങ്ങാനാണ് ഞാൻ വന്നത്. അത് നൽകിക്കഴിഞ്ഞ് താങ്കൾ വിളിക്കുന്ന ‘നായേ’ എന്നാണ്, അതിന്റെ അർത്ഥവും അത് അസ്ഥാനത്താണെന്നും അറിയാമല്ലോ. താങ്കൾക്ക് ഡയറക്ടർക്കൊപ്പം നിൽക്കണമായിരുന്നുവെങ്കിൽ പറഞ്ഞാൽ ഞാൻ മാറിത്തരുമായിരുന്നല്ലോ’ എന്നു ചോദിച്ചപ്പോൾ ആ വാക്ക് പലവട്ടം ആവർത്തിക്കുകയായിരുന്നു ശ്രീധരൻ.
ഫോൺ സംഭാഷണം നിർത്തിയിട്ട് വീണ്ടും വിളിച്ചപ്പോൾ ‘ഞാൻ അങ്ങനെ വിളിച്ചിട്ടില്ല’ എന്ന് വാദിച്ചു. പക്ഷേ ശ്രീജിത്ത് തർക്കിച്ചപ്പോൾ ‘വിളിച്ചു, എന്തുചെയ്യും’ എന്ന് തിരിച്ചു ചോദിക്കുകയായിരുന്നു.
തുടർന്ന് ശ്രീജിത്ത് മൂത്തേടത്ത് സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ.എസ്.അയ്യർക്ക് പരാതി നൽകി. കാര്യങ്ങൾ വിശദമാക്കി സാംസ്‌കാരിക സെക്രട്ടറിയുടെ ഓഫീസിൽ രേഖാമൂലം സമർപ്പിച്ചു.













