തൃശൂര്‍: കാര്‍ഷിക സര്‍വകലാശാലയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങിയ സാഹചര്യത്തില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി വീണ്ടും. സര്‍ക്കാര്‍ അനുവദിക്കാനുണ്ടായിരുന്ന 200 കോടി കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജനുവരി 31-ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ബിഎംഎസ് അനുബന്ധ സംഘടനകളും ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും സത്യാഗ്രഹം സംഘടിപ്പിച്ചിരുന്നു. ആ സമരത്തിനുശേഷം പ്രതിരോധത്തിലായ സര്‍ക്കാര്‍ സര്‍വകലാശാലയ്‌ക്ക് 15 കോടി കൂടി അനുവദിച്ചതായി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ നല്‍കാനാണെന്ന് വ്യക്തമാക്കിയായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഇപ്പോഴത്തെ ശമ്പള ഉത്തരവ് പുറത്ത് വന്നതോടെ ആ പ്രഖ്യാപനം ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചതാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.
ജീവനക്കാരെയും പെന്‍ഷന്‍കാരെയും വഞ്ചിച്ചു
സര്‍ക്കാരും ഇടതു സംഘടനകളും ചേര്‍ന്ന് ജീവനക്കാരെയും പെന്‍ഷന്‍കാരെയും ഒന്നടങ്കം വഞ്ചിച്ചിരിക്കുകയാണെന്ന് എംപ്ലോയീസ് സംഘ് ഭാരവാഹികള്‍ ആരോപിച്ചു. 15 കോടി അനുവദിച്ചതില്‍ ആഘോഷം നടത്തിയ സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ ശമ്പളം മുടങ്ങിയ സാഹചര്യത്തില്‍ മൗനം പാലിക്കുകയാണ്. ജീവനക്കാരുടെ അധ്വാനത്തിന്റ അംശം പറ്റിക്കൊണ്ട് പ്രവര്‍ത്തിച്ചിട്ടും അവര്‍ക്കായി വായ് തുറക്കാന്‍ സംഘടനകള്‍ തയ്യാറാകാത്തത് സംഘടനകളുടെ ജീര്‍ണ്ണതയുടെ തെളിവാണ്. അവകാശങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്ന് കവര്‍ന്നെടുക്കുന്ന സമീപനമാണിതെന്നും ജീവനക്കാര്‍ അംഗീകരിക്കില്ലെന്നു കാര്‍ഷിക സര്‍വ്വകലാശാല എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് അജി വി.എ, ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ള എന്നിവര്‍ വ്യക്തമാക്കി.
സംഘടനാഭേദമന്യേ എല്ലാ വിഭാഗം ജീവനക്കാരെയും ഉള്‍പ്പെടുത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.സര്‍വ്വകലാശാലയിലെ സാമ്പത്തിക പ്രതിസന്ധി ഉടന്‍ പരിഹരിക്കാത്തപക്ഷം അക്കാദമിക്, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ ആഘാതമുïാകുമെന്ന ആശങ്ക ശക്തമാണ്.
മാസച്ചെലവ് 40 കോടി; അനുവദിച്ചത് 20 കോടി
സര്‍വ്വകലാശാലയ്‌ക്ക് ഓരോ മാസവും ശമ്പളത്തിനും പെന്‍ഷനും ഏകദേശം 39 കോടി ആവശ്യമാണ്. 3% ക്ഷാമബദ്ധ വര്‍ധനവ് കൂടി ചേര്‍ന്നപ്പോള്‍ ഇത് 40 കോടി വരെ ഉയരുന്നു. ലഭിച്ച 20 കോടി 80000 ഉപയോഗിച്ച് പെന്‍ഷന്‍ വിതരണം ചെയ്യാനാണ് ഭരണകൂടം നീങ്ങുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതോടെ ശമ്പള വിതരണം മുടങ്ങുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
ബജറ്റില്‍ അവഗണന
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റില്‍ അനുവദിച്ച മുഴുവന്‍ തുകയും സര്‍ക്കാര്‍ നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ശമ്പളവും പെന്‍ഷനും പ്രതിസന്ധിയിലായി. തുടര്‍ന്ന് വരും വര്‍ഷത്തെ വിഹിതത്തില്‍ നിന്ന് മുന്‍കൂര്‍ എടുത്ത് വിതരണം ചെയ്യുന്നതാണ് പതിവായിരുന്നത്. ഇത്തവണയും അതേ അവസ്ഥ ആവര്‍ത്തിക്കുകയാണെന്നാണ് ജീവനക്കാരുടെ ആരോപണം.
പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി പ്രത്യേകമായി 15 കോടി അനുവദിച്ചതായി ഉത്തരവിറക്കിയെങ്കിലും, ആ തുക പ്രത്യേകം നല്‍കാതെ 2026 ഫെബ്രുവരി മാസത്തെ ശമ്പള-പെന്‍ഷന്‍ ഗ്രാന്റില്‍ വകയിരുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. ഇതാണ് ശമ്പള മുടക്കത്തിന് കാരണമായത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക യഥാര്‍ത്ഥത്തില്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ധനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഈ മാസം പതിനഞ്ചാം തീയതിക്ക് ശേഷമേ ശമ്പളം ലഭിക്കാനിടയുള്ളൂ.
















