തിരൂർ: നിക്കാഹ് കഴിഞ്ഞതിന് പിന്നാലെ നവവരൻ എംഡിഎംഎയുമായി അറസ്റ്റിൽ. തവനൂരിലെ പുത്തൻപുരയിൽ മുഹമ്മദ് ഷിബാൻ (26) എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാളുടെ കാറിലും ഭാര്യവീട്ടിലും നിന്നായി മൊത്തം 1.55 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പ്രതി മുഹമ്മദ് ഷിബാൻ സ്വകാര്യ ആശുപത്രിയിൽ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയാണ്.
ഇയാളെ കോടതിയിൽ ഹാജരാക്കിയതായി പോലീസ് അറിയിച്ചു.തിരൂർ പൊറ്റിലാത്തറ പ്രദേശത്ത് വാഹന പരിശോധനയ്‌ക്കിടെ കാറിൽ നിന്ന് എം.ഡി.എം.എ. പിടികൂടിയതോടെയാണ് കേസിന് തുടക്കം. തുടർന്നുള്ള ചോദ്യംചെയ്യലിൽ, ലഹരിമരുന്ന് ഉപയോഗത്തിനും വിൽപ്പനക്കുമായി കൈവശം വച്ചതാണെന്നും ശേഷിച്ച എം.ഡി.എം.എ. നിക്കാഹ് കഴിഞ്ഞ നവവധുവിന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി.
ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ വീടിന്റെ മുകളിലത്തെ നിലയിലെ മണിയറയോട് ചേർന്ന ബാത്ത്‌റൂമിൽ ഒളിപ്പിച്ചിരുന്ന ലഹരിമരുന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
















