തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ പൊങ്കാലവീഥികള്‍ ശുദ്ധീകരിക്കാനണിനിരന്ന് 2000 വനിതകള്‍ ഉള്‍പ്പെടെ 5000 സേവാഭാരതി പ്രവര്‍ത്തകര്‍.
ഫെബ്രു. 28ന് വൈകിട്ട് 7 മണി മുതല്‍ രാത്രി 9.30 വരെ 100 കേന്ദ്രങ്ങളിലായി ഒരേസമയത്തായിരുന്നു ശുചീകരണ യജ്ഞം. ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിന്റെ സമീപപ്രദേശങ്ങളായ 25 കൗണ്‍സില്‍ വാര്‍ഡുകളിലാണ് സേവാഭാരതി പ്രവര്‍ത്തകര്‍ പൊങ്കാലവീഥികളിലെ മാലിന്യം തുടച്ചുനീക്കിയത്. ഇതോടൊപ്പം പൊങ്കാല അര്‍പ്പിക്കുന്നതിനെത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്ക് കുടിവെള്ള സൗകര്യവും ഭക്ഷണ വിതരണവും സേവാഭാരതി നിര്‍വഹിക്കുന്നുണ്ട്.
ശുചീകരണ യജ്ഞം മേയര്‍ അഡ്വ. വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഡെ. മേയര്‍ ആശാനാഥ്, സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡി. വിജയന്‍, ആര്‍എസ്എസ് ദക്ഷിണ പ്രാന്ത കാര്യകാരി സദസ്യന്‍ പി. സുധാകരന്‍, വിഭാഗ് പ്രചാരക് പി. പ്രമോദ്, ജില്ല സംഘചാലക് എം. മുരളി, കാര്യവാഹ് അര്‍ജുന്‍ ഗോപാല്‍, സേവാഭാരതി ജില്ല അധ്യക്ഷന്‍ അഡ്വ. ഡി. മനു, ജനറല്‍ സെക്രട്ടറി സി. സജിത്കുമാര്‍, വിഭാഗ് സഹ സേവാ പ്രമുഖ് രാജേഷ്, ജില്ല സെക്രട്ടറി മോഹന്‍കുമാര്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. പൊങ്കാല ദിവസമായ ഇന്നും അയ്യായിരത്തിലേറെ സേവാഭാരതി പ്രവര്‍ത്തകര്‍ സേവനസന്നദ്ധരായി രംഗത്തുണ്ട്.
2013 ല്‍ കെ. ചന്ദ്രിക മേയറായിരിക്കുമ്പോള്‍ പൊങ്കാല മഹോത്സവത്തിന് കുടിവെള്ളവിതരണം പൂര്‍ണമായും തടസപ്പെട്ടിരുന്നു. അന്ന് ആയിരക്കണക്കിന് സേവാഭാരതി പ്രവര്‍ത്തകരാണ് നഗരത്തില്‍ കുടിവെള്ളമെത്തിച്ചത്. വാഹനങ്ങളും ടാങ്കറുകളും സംഘടിപ്പിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ സേവാഭാരതി നടത്തിയ ദൗത്യം മുഴുവന്‍ ഭക്തരുടെയും പ്രശംസക്ക് പാത്രമായിരുന്നു. ഇത്തവണ നഗരസഭയില്‍ ബിജെപി അധികാരത്തിലെത്തിയതോടെ ഭക്തരോട് പകവീട്ടുന്ന രീതിയിലാണ് ജലവകുപ്പിന്റെ സമീപനമെന്ന് ആശങ്കയുണ്ട്. ഇത് മുന്‍കൂട്ടിക്കണ്ട് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ 160 കേന്ദ്രങ്ങളില്‍ ടാങ്കറുകള്‍ വിന്യസിച്ചിട്ടുണ്ട്. ആവശ്യമെന്ന് കണ്ടാല്‍ പൊങ്കാല നടക്കുന്ന പ്രദേശങ്ങളിലെല്ലാം അടിയന്തരമായി കുടിവെള്ളമെത്തിക്കുന്നതിന് പൂര്‍ണ സജ്ജരായി ആയിരക്കണക്കിന് സേവാഭാരതി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
















