ഭാരതത്തിന്റെ നഗരവത്കരണ ചരിത്രം ഒരു നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ സിംഹഭാഗവും സംഭാവന ചെയ്യുന്ന നഗരങ്ങള്‍ ഏറ്റവും ചലനാത്മകമായ സാമ്പത്തിക മേഖലകളെ ഉള്‍ക്കൊള്ളുകയും ദശലക്ഷക്കണക്കിന് പേരുടെ ജീവിതനിലവാരം നിര്‍ണയിക്കുകയും ചെയ്യുന്നു. എങ്കിലും അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതയും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന വെല്ലുവിളികളും സാമ്പത്തിക പരിമിതികളും ഭരണപരമായ ഏകോപനമില്ലായ്‌മയുമെല്ലാം നഗരങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. ഭാരതം നഗരവത്കരിക്കപ്പെടുമോ എന്നതല്ല ഇപ്പോഴത്തെ ചോദ്യം; മറിച്ച്, ഉല്പാദനക്ഷമവും സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായി എത്രത്തോളം മികച്ച രീതിയില്‍ നഗരവത്കരണം സാധ്യമാകുമെന്നതാണ്.
ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ രാജ്യം നടത്തുന്ന നീക്കങ്ങളില്‍ വലിയൊരു മാറ്റത്തെയാണ് അടുത്തിടെ അംഗീകരിച്ച ‘അര്‍ബന്‍ ചലഞ്ച് ഫണ്ട്’ പ്രതിനിധീകരിക്കുന്നത്. 2025-26 മുതല്‍ 2030-31 സാമ്പത്തിക വര്‍ഷം വരെ ഒരുലക്ഷം കോടി രൂപയുടെ കേന്ദ്ര സഹായവും ഏകദേശം 4 ലക്ഷം കോടി രൂപയുടെ ആകെ നിക്ഷേപവും ലക്ഷ്യമിടുന്ന ഫണ്ടിന്റെ രൂപകല്പന ഗ്രാന്റ് അടിസ്ഥാനത്തിലെ പരമ്പരാഗത ധനസഹായ രീതിയില്‍ നിന്ന് മാറി വിപണിബന്ധിതവും പരിഷ്‌കാരങ്ങളിലധിഷ്ഠിതവും കൃത്യമായ ഫലങ്ങള്‍ ലക്ഷ്യമിടുന്നതുമായ നഗര അടിസ്ഥാന സൗകര്യ ചട്ടക്കൂടിലേക്കുള്ള മാറ്റത്തെ അടയാളപ്പെടുത്തുന്നു.
വിപണി അധിഷ്ഠിത സാമ്പത്തിക അച്ചടക്കത്തിലേക്ക്
നേരത്തെ ആവിഷ്‌കരിച്ച പദ്ധതികളില്‍ നിന്ന് ‘അര്‍ബന്‍ ചലഞ്ച് ഫണ്ടി’നെ വ്യത്യസ്തമാക്കുന്നത് അതിന്റെ ഘടനയാണ്. പദ്ധതി ചെലവിന്റെ പരമാവധി 25 ശതമാനം മാത്രമാണ് കേന്ദ്ര സഹായമായി നല്‍കുക. ബാക്കി തുകയുടെ കുറഞ്ഞത് 50 ശതമാനമെങ്കിലും മുന്‍സിപ്പല്‍ ബോണ്ടുകള്‍, ബാങ്ക് വായ്‌പകള്‍, പൊതു-സ്വകാര്യ പങ്കാളിത്തം തുടങ്ങിയ വിപണി സ്രോതസ്സുകളില്‍ നിന്ന് നഗരങ്ങള്‍ സമാഹരിക്കണം. ശേഷിക്കുന്ന വിഹിതം സംസ്ഥാന സര്‍ക്കാരുകളോ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ വഹിക്കുകയോ മറ്റ് ധനസമാഹരണ മാര്‍ഗങ്ങള്‍ വഴി കണ്ടെത്തുകയോ ചെയ്യാം.
ഈ നിബന്ധന സാമ്പത്തിക അച്ചടക്കത്തെ പദ്ധതിയുടെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിക്കുന്നു. നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇനി പൊതു ബജറ്റുകളെ മാത്രം ആശ്രയിക്കാനാവില്ലെന്ന സൂചനയാണിത്; കൃത്യമായ വരുമാനം ഉറപ്പാക്കുന്നതും ലാഭകരവുമായ പദ്ധതികളിലൂടെ മൂലധന വിപണിയെ ഉപയോഗപ്പെടുത്താന്‍ നഗരങ്ങള്‍ ശീലിക്കേണ്ടതുണ്ട്. കൃത്യമായ സാമ്പത്തിക ആസൂത്രണത്തെ അടിസ്ഥാന സൗകര്യ വികസന ലക്ഷ്യങ്ങളുമായി കൂട്ടിയിണക്കാനാണ് ഈ ഫണ്ട് ശ്രമിക്കുന്നത്.
നഗരഹൃദയങ്ങളുടെ പുനരാവിഷ്‌കാരം
നഗരങ്ങളുടെ മാറുന്ന മുന്‍ഗണനകളെ പ്രതിഫലിപ്പിക്കുന്ന മൂന്ന് പ്രധാന സ്തംഭങ്ങളിലൂന്നിയാണ് ഫണ്ട് വിഭാവനം ചെയ്തിരിക്കുന്നത്.
‘നഗരങ്ങള്‍ വളര്‍ച്ചാ കേന്ദ്രങ്ങള്‍’ എന്ന ആദ്യ സ്തംഭത്തില്‍ നഗരപ്രദേശങ്ങള്‍ സാമ്പത്തിക ചാലകശക്തികളാണെന്ന് തിരിച്ചറിയുന്നു. സംയോജിത സ്ഥല-ഗതാഗത ആസൂത്രണം, സാമ്പത്തിക ഇടനാഴികള്‍ക്ക് അനുബന്ധമായ അടിസ്ഥാന സൗകര്യങ്ങള്‍, വ്യാവസായിക വിനോദസഞ്ചാര ചരക്കുനീക്ക മേഖലകളെ കേന്ദ്രീകരിച്ചുള്ള വികസനം എന്നിവയ്‌ക്ക് ഇത് പിന്തുണ നല്‍കുന്നു. കേവലം ആസ്തി വികസനത്തിനപ്പുറം നഗരങ്ങളുടെ മത്സരക്ഷമതയും ഉല്പാദനക്ഷമതയും വര്‍ധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
‘നഗരങ്ങളുടെ സര്‍ഗാത്മക പുനര്‍വികസനം’ എന്നതാണ് രണ്ടാമത്തെ സ്തംഭം. ഭാരതത്തിന്റെ നഗരവല്‍ക്കരണത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന വെല്ലുവിളികളെയാണ് ഇത് അഭിസംബോധന ചെയ്യുന്നത്. പ്രത്യേകിച്ച്, നഗരഹൃദയങ്ങളിലെ അമിതമായ തിരക്കും ചരിത്ര പ്രാധാന്യമേറിയ സ്ഥലങ്ങളുടെയും പ്രധാന വാണിജ്യ കേന്ദ്രങ്ങളുടെയും തകര്‍ച്ചയും. ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയുടെ പുനരുപയോഗം, ഗതാഗത കേന്ദ്രീകൃത വികസനം, പൊതുഭൂമിയുടെ ശാസ്ത്രീയ പുനഃക്രമീകരണം എന്നിവയിലൂടെ നിലവിലെ നഗരപരിധിയിലെ മൂല്യവര്‍ധന ഫണ്ടിലൂടെ ലക്ഷ്യമിടുന്നു. ഭൂമിയുടെ മൂല്യം വീണ്ടെടുക്കുന്ന പ്രവര്‍ത്തനശൈലിയും ചിട്ടയായ പുനര്‍വികസന മാതൃകകളും ഇത് പരിചയപ്പെടുത്തുന്നു. പൈതൃക സ്വഭാവം നിലനിര്‍ത്തി പഴയ ആസ്തികളെ നഗര നവീകരണത്തിന്റെ ചാലകശക്തികളാക്കി മാറ്റാന്‍ ഇത് നഗരങ്ങളെ പ്രാപ്തമാക്കുന്നു.
ജലവിതരണത്തിലും ശുചിത്വത്തിലുമാണ് മൂന്നാം സ്തംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എല്ലാ മേഖലകളിലേക്കും സേവന വിപുലീകരണം, മലിനജല പുനരുപയോഗം, പ്രളയ നിയന്ത്രണം, പഴയ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുടെ വീണ്ടെടുപ്പ് എന്നിവയ്‌ക്കാണ് ഇവിടെ മുന്‍ഗണന. അതിശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങളും പാരിസ്ഥിതിക സമ്മര്‍ദങ്ങളും നഗരങ്ങളെ കൂടുതല്‍ ദുര്‍ബലമാക്കുന്നുവെന്ന തിരിച്ചറിവോടെ കാലാവസ്ഥാ അതിജീവന ശേഷിയും ഈ ചട്ടക്കൂടിന്റെ ഭാഗമാക്കിയിട്ടുണ്ട്.
ചെറുകിട നഗരങ്ങള്‍ സാമ്പത്തിക മുഖ്യധാരയിലേക്ക്
അര്‍ബന്‍ ചലഞ്ച് ഫണ്ടിന്റെ ഏറ്റവും നൂതന ഘടകങ്ങളിലൊന്ന് 5,000 കോടി രൂപയുടെ വായ്‌പാ തിരിച്ചടവ് ഉറപ്പുനല്‍കുന്ന പദ്ധതിയാണ്. ഇതാദ്യമായി ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള ചെറുകിട നഗരസഭകള്‍ക്കും മലയോര, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നഗരങ്ങള്‍ക്കും കേന്ദ്ര ഗ്യാരണ്ടിയോടെ വിപണിയില്‍ നിന്ന് വായ്‌പകള്‍ സ്വീകരിക്കാന്‍ പദ്ധതി വഴി സാധിക്കുന്നു.
പ്രാരംഭഘട്ടത്തിലെ വായ്‌പാ സാമ്പത്തിക ബാധ്യത കുറയ്‌ക്കുന്നതിലൂടെ ചെറുകിട മുനിസിപ്പാലിറ്റികള്‍ക്ക് വിപണി പ്രവേശനം സുഗമമാക്കുന്ന പദ്ധതി വായ്‌പ നല്‍കുന്നവര്‍ക്ക് ആത്മവിശ്വാസം പകരുന്നു. ഇതിലൂടെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കേവലം സര്‍ക്കാര്‍ ഫണ്ട് കൈപ്പറ്റുന്നവരെന്ന നിലയില്‍ നിന്ന് മൂലധന വിപണിയെ ഉപയോഗപ്പെടുത്താന്‍ ശേഷിയുള്ള വിശ്വസനീയ സാമ്പത്തിക സ്ഥാപനങ്ങളാക്കി മാറ്റുന്നു.
അടിത്തറയായി പരിഷ്‌കാരങ്ങള്‍
ഭരണനിര്‍വഹണം, സാമ്പത്തിക ഭദ്രത, ആസൂത്രണം എന്നീ മേഖലകളില്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ക്ക് വിധേയമായി മാത്രമേ അര്‍ബന്‍ ചലഞ്ച് ഫണ്ടിന് കീഴിലെ കേന്ദ്ര സഹായം ലഭ്യമാകൂ. ഇതുവഴി നഗരങ്ങള്‍ അവരുടെ വായ്‌പാ യോഗ്യത മെച്ചപ്പെടുത്തുകയും ആസ്തി പരിപാലന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും സേവനങ്ങള്‍ ഡിജിറ്റലാക്കുകയും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുകയും ഭൂവിനിയോഗവും ഗതാഗതവും സമന്വയിപ്പിച്ച ആസൂത്രണ രീതികള്‍ അവലംബിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത ഘട്ടത്തിലെ തുക അനുവദിക്കാന്‍ പരിഷ്‌കാരങ്ങള്‍ തുടരേണ്ടത് നിര്‍ബന്ധിത വ്യവസ്ഥയാക്കി കൃത്യമായ ലക്ഷ്യങ്ങളും നിശ്ചിത ഫലങ്ങളുമായി ധനസഹായത്തെ ബന്ധിപ്പിച്ചിരിക്കുന്നു. കേവലം അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുകയെന്നതിലുപരി അവ ശരിയായി പരിപാലിക്കപ്പെടുന്നുണ്ടെന്നും ദുര്‍ബല പദ്ധതി നിര്‍വഹണത്തിലൂടെ ആസ്തികള്‍ നശിച്ചുപോകുന്നില്ലെന്നും ഉറപ്പാക്കാന്‍ ഈ സമീപനം സഹായിക്കുന്നു.
നഗര വികസനത്തില്‍ സ്വകാര്യ മേഖലയുടെ പങ്കിനെയും അര്‍ബന്‍ ചലഞ്ച് ഫണ്ട് പുനര്‍നിര്‍വചിക്കുന്നു. വിപണി ധനസമാഹരണം നിര്‍ബന്ധമാക്കിയും സാമ്പത്തിക ബാധ്യതകള്‍ പങ്കിടുന്ന രീതി പ്രോത്സാഹിപ്പിച്ചും പദ്ധതികളുടെ രൂപകല്പനയിലും ധനസമാഹരണത്തിലും പ്രവര്‍ത്തനത്തിലും കൂടുതല്‍ സ്വകാര്യ പങ്കാളിത്തത്തിന് ഇത് വഴിതുറക്കുന്നു.
പദ്ധതി ആസൂത്രണ പിന്തുണ, ഉപദേശക സേവനങ്ങള്‍, ഡിജിറ്റല്‍ നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവ പദ്ധതികളുടെ വിശ്വാസ്യതയും നിക്ഷേപകരുടെ ആത്മവിശ്വാസവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ഇത് ഫലപ്രദമായി നടപ്പാക്കുന്നപക്ഷം രാജ്യത്തെ മുനിസിപ്പല്‍ ബോണ്ട് വിപണി കൂടുതല്‍ ശക്തമാവുകയും നഗര വികസനത്തിന്റെ സാമ്പത്തിക സ്രോതസ്സുകള്‍ വിപുലീകരിക്കപ്പെടുകയും ചെയ്യും.
സഹകരണാധിഷ്ഠിത നിര്‍വഹണ മാതൃക
ഭവന-നഗരകാര്യ മന്ത്രാലയം ഈ ഫണ്ടിനെ വിപുലമായ പങ്കാളിത്ത ആവാസവ്യവസ്ഥയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. സന്നദ്ധതയും നൂതനാശയങ്ങളും കണക്കിലെടുത്ത് പ്രതിഫലം നല്‍കുന്ന മത്സരാധിഷ്ഠിത പ്രക്രിയയിലൂടെ സംസ്ഥാനങ്ങളും നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സാമ്പത്തിക സ്ഥാപനങ്ങളും ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളും സ്വകാര്യ ഡെവലപ്പര്‍മാരും ഇതിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാവിസജ്ജമായ നഗരങ്ങളിലേക്കുള്ള പാത
വരും ദശകങ്ങളില്‍ ഭാരതത്തിലെ നഗര ജനസംഖ്യ ഗണ്യമായി വര്‍ധിക്കുമെന്നതിനാല്‍ അടിസ്ഥാന സൗകര്യ ആവശ്യകതയും ഗണ്യമായി ഉയരും. ഈ ദീര്‍ഘകാല ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് അര്‍ബന്‍ ചലഞ്ച് ഫണ്ട് രൂപകല്പന ചെയ്തിരിക്കുന്നത്. സാമ്പത്തിക വളര്‍ച്ച, കാലാവസ്ഥാ അതിജീവന ശേഷി, ധനപരമായ സുസ്ഥിരത എന്നിവയെ ഒരു ചട്ടക്കൂടിന് കീഴില്‍ സമന്വയിപ്പിക്കാനാണ് ഇത് ശ്രമിക്കുന്നത്.
രാജ്യത്തിന്റെ നഗരവത്കരണ പാതയെ ഇത് എത്രത്തോളം മാറ്റിമറിക്കുമെന്നത് പദ്ധതിനിര്‍വഹണത്തെ ആശ്രയിച്ചിരിക്കുമെങ്കിലും പദ്ധതിലക്ഷ്യം വ്യക്തമാണ്. നഗരവല്‍ക്കരണത്തെ കേവലം നിയന്ത്രിക്കപ്പെടേണ്ട സാമ്പത്തിക ഭാരമായി കാണുന്നതിന് പകരം ഫലപ്രദമായി പ്രയോജനപ്പെടുത്തേണ്ട നിക്ഷേപ അവസരമായാണ് അര്‍ബന്‍ ചലഞ്ച് ഫണ്ട് പുനര്‍നിര്‍വചിക്കുന്നത്. വിപണി അധിഷ്ഠിത ഉത്തരവാദിത്തവും പരിഷ്‌കാരങ്ങളുടെ പ്രോത്സാഹനവും നിശ്ചിത ഫലങ്ങളും പദ്ധതിയുടെ ഭാഗമാക്കി നഗരങ്ങള്‍ പ്രതിരോധാത്മകവും മത്സരക്ഷമവും ഭാവി സജ്ജവുമായ വളര്‍ച്ചാ കേന്ദ്രങ്ങളായി മാറുന്ന വലിയ പരിവര്‍ത്തനത്തിന്റെ അടുത്ത ഘട്ടത്തിന് നേതൃത്വം നല്‍കാന്‍ ഇത് ലക്ഷ്യമിടുന്നു.











