തമിഴ് സിനിമയുടെ ചരിത്രത്തിൽ പതിറ്റാണ്ടുകളായി ആഘോഷിക്കപ്പെടുന്ന ഒരു ഗാനമുണ്ടെങ്കിൽ അത് 1990-ൽ പുറത്തിറങ്ങിയ ‘കേളടി കൺമണി’ എന്ന ചിത്രത്തിലെ “മണ്ണിൽ ഇന്ത കാതലന്രി…” എന്ന ഗാനമാണ്. സംഗീത മാന്ത്രികൻ ഇളയരാജ സംഗീതം നൽകി എസ്പി ബാലസുബ്രഹ്മണ്യം ആലപിച്ച ഈ ഗാനം ഒരു സംഗീത അത്ഭുതമാണ്.
കർണാടക സംഗീതത്തിലെ ഏറ്റവും ശ്രുതിമധുരമായ ‘മോഹന രാഗ’ത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ശ്രോതാവിന്റെ മനസ്സിനെ പെട്ടെന്ന് ആകർഷിക്കുന്ന ഒരു കാന്തിക ശക്തി ഈ രാഗത്തിനുണ്ട്. ആദിതാളത്തിൽ വളരെ കൃത്യതയോടെയാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പല്ലവി സാവധാനം ആരംഭിച്ച് ചരണത്തിൽ വേഗത കൈവരിക്കുമ്പോൾ, താളത്തിന്റെ പിടി നഷ്ടപ്പെടാതെ എസ്‌പിപി പാടുന്ന രീതി ഇന്നും ഒരു പാഠപുസ്തകമാണ് ഗായകർക്ക്.
സിനിമയിലെ നായകൻ എസ്‌പിബി തെരുവിൽ വിൽക്കുന്ന നിലക്കടല വാങ്ങി കഴിക്കുന്നുണ്ട് . നിലക്കടല പൊതിഞ്ഞ കടലാസിൽ ഒരു കവിത കാണുകയും, അത് ഗാനമായി പാടുകയുമാണ് ചെയ്യുന്നത് . ആ പേപ്പറിൽ ‘പാവലർ വരദരാജൻ’ എന്നാണ് അച്ചടിച്ചിരിക്കുന്നത്. വാസ്തവത്തിൽ, ഇളയരാജയുടെയും ഗംഗൈ അമരന്റെയും ജ്യേഷ്ഠനാണ് പാവലർ വരദരാജൻ. ഇളയരാജയുടെ കൈപിടിച്ച് അദ്ദേഹത്തെ സംഗീത ലോകത്തേക്ക് കൊണ്ടുവന്ന അധ്യാപകനായിരുന്നു അദ്ദേഹം. അദ്ദേഹത്തോടുള്ള അതിരറ്റ വാത്സല്യം കാരണം കവി ഗംഗൈ അമരൻ ഈ ഗാനത്തിൽ തന്റെ സഹോദരന്റെ പേര് ഉപയോഗിച്ചതാണെന്നാണ് സിനിമ വൃത്തങ്ങൾ പറയുന്നത്.
ഈ ഗാനത്തിന്റെ ആത്മാവ് അതിലെ ചരണങ്ങളാണ്. ഇന്നത്തെപ്പോലെ ഡിജിറ്റൽ എഡിറ്റിംഗ് സൗകര്യങ്ങൾ ലഭ്യമല്ലാത്ത ആ കാലത്ത്, എസ്പിബി ഒരു ശ്വാസം പോലും എടുക്കാതെ മുഴുവൻ ചരണവും പാടി. ചരണത്തിന്റെ അവസാനം വരെ ശ്വാസം വിടാതെ പാടിയത് വെറും കഴിവ് മാത്രമായിരുന്നില്ല; ഒരു മികച്ച കലാകാരന്റെ തപസ്സായിരുന്നു. ഇതിനായി, ആ വർഷത്തെ തമിഴ്‌നാട് സർക്കാരിന്റെ മികച്ച പിന്നണി ഗായകനുള്ള അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.
















