തിരുവനന്തപുരം: ഭക്തജനലക്ഷങ്ങളുടെ ഒരുവര്‍ഷം നീണ്ട കാത്തിരിപ്പിന് നാളെ വിരാമമാകും. ലോക പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. തലസ്ഥാന നഗരവും പരിസര പ്രദേശങ്ങളും നാളെ കണ്‍തുറക്കുന്നത് പൊങ്കാലയെന്ന പുണ്യക്കാഴ്ചയിലേക്കാണ്. ഭക്തിയുടെ ലഹരിയിലാണ് തലസ്ഥാന നഗരം.
കാപ്പുകെട്ടി ഭഗവതിയെ കുടിയിരുത്തിയതു മുതല്‍ പ്രാര്‍ത്ഥനയുമായി ഭക്തലക്ഷങ്ങള്‍ പൊങ്കാലയുടെ പുണ്യദിനത്തിനായി കാത്തിരിക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന ഭക്തര്‍ ബന്ധുവീടുകളിലും ക്ഷേത്രത്തിനു സമീപമുള്ള സ്ഥലങ്ങളിലുമായി പെണ്ടാങ്കാല അടുപ്പുകള്‍ തയ്യാറാക്കിക്കഴിഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമാത്രമല്ല വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി ഭക്തര്‍ പൊങ്കാലയര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിന്റെ 10 കിലോമീറ്ററിലേറെ ചുറ്റളവില്‍ പൊങ്കാലയ്‌ക്കായി ഭക്തര്‍ തിങ്ങിനിറയും. 30 ലക്ഷത്തിലധികം പേര്‍ പൊങ്കാല അര്‍പ്പിക്കാനെത്തുമെന്നാണ് പ്രതീക്ഷ.
നാളെ രാവിലെ 9.45ന് അടുപ്പ് വെട്ടും. അതിനുശേഷം ക്ഷേത്രതന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നും ദീപം മേല്‍ശാന്തി അനീഷ് നമ്പൂതിരിക്ക് കൈമാറും. വലിയ തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീപകര്‍ന്ന ശേഷം അദ്ദേഹം അതു സഹമേല്‍ശാന്തിക്ക് കൈമാറും. തുടര്‍ന്ന് ക്ഷേത്രത്തിന് മുന്‍വശത്തെ പണ്ടാര അടുപ്പിലും തീ തെളിക്കും. അതോടെ ക്ഷേത്രപരിസരത്തും നഗരത്തിലുമുള്ള ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകരും. ഉച്ചയ്‌ക്ക് 2.15 ന് ആണ് പൊങ്കാല നിവേദ്യം. നാളെ ചന്ദ്രഗ്രഹണം ആയതിനാല്‍ 3.10ന് നട അടയ്‌ക്കും. രാത്രി 7 മണിവരെ ദേവീ ദര്‍ശനം ഉണ്ടായിരിക്കില്ല.
ഒരുവര്‍ഷത്തെ കാത്തിരിപ്പോടെ വ്രതംനോറ്റ് ആറ്റുകാലമ്മയ്‌ക്ക് പൊങ്കാലയര്‍പ്പിക്കാനെത്തുന്ന ഭക്തരെ വരവേല്‍ക്കാന്‍ നഗരം ഒരുങ്ങിക്കഴിഞ്ഞു. റസിഡന്റ്‌സ് അസോസിയേഷനുകളും നഗരത്തിലെ വിവിധ ക്ഷേത്ര കമ്മിറ്റികളും യുവജന സംഘടനകളും ക്ലബ്ബുകളുമെല്ലാം ഭക്തര്‍ക്ക് സൗകര്യമൊരുക്കുന്നതിനും ഭക്ഷണം തയ്യാറാക്കുന്നതിനും കുടിവെള്ളമൊരുക്കുന്നതിനുമുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ്. സേവാഭാരതി ഉള്‍പ്പെടെ വിവിധ സന്നദ്ധ സംഘടനകള്‍ ഭക്തര്‍ക്ക് ചികിത്സാ സഹായത്തിനായി ഡോക്ടര്‍മാരെയും നഴ്‌സുമാരെയും തയ്യാറാക്കിയിട്ടുണ്ട്. സൗജന്യ ആംബുലന്‍സ് സേവനവും ഒരുക്കി.
പൊങ്കാലയുടെ നടത്തിപ്പിന് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും ഏകോപനമൊരുക്കിയിട്ടുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കി. പൊങ്കാല അര്‍പ്പിക്കാനെത്തുന്ന ഭക്തരുടെ സൗകര്യാര്‍ത്ഥം ദക്ഷിണ റെയില്‍വേ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കും. സ്ഥിരം ട്രെയിനുകള്‍ക്ക് താല്ക്കാലിക സ്‌റ്റോപ്പുകളും സമയ പുനഃക്രമീകരണവും ഏര്‍പ്പെടുത്തുകയും ചെതു. ജില്ലയിലെ എല്ലാ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നു പ്രത്യേക ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്. ഹരിത ചട്ടം പാലിച്ചാകും പൊങ്കാല ഉത്സവം. ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിമുതല്‍ നാളെ ഉച്ചവരെ നഗരത്തില്‍ ഗതാഗത ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആറ്റുകാലില്‍ നാളെ
നാളെ രാവിലെ 9.15ന് ശുദ്ധപുണ്യാഹം
9.45ന് അടുപ്പ്‌വെട്ട്, പൊങ്കാല
ഉച്ചയ്‌ക്ക് 2.15ന് ഉച്ചപൂജ, പൊങ്കാല നിവേദ്യം
2.40ന് ഉഷഃശ്രീബലി, ഉച്ചശ്രീബലി
വൈകിട്ട് 3.10ന് നട അടയ്‌ക്കല്‍
ചന്ദ്രഗ്രഹണമായതിനാല്‍ വൈകിട്ട് 3.10 മുതല്‍
7മണി വരെ ദേവീദര്‍ശനം ഉണ്ടായിരിക്കുന്നതല്ല
രാത്രി 7.00ന് നട തുറക്കല്‍
7.30ന് ദീപാരാധന
8.30ന് കുത്തിയോട്ടം ചൂരല്‍ക്കുത്ത്
10.45ന് പുറത്തെഴുന്നളളിപ്പ്
















