ന്യൂദല്‍ഹി: എഫ്‌ഐഎച്ച് വനിതാ ഹോക്കി ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഭാരത ടീമിനെ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതല്‍ 14 വരെ ഹൈദരാബാദ് ആണ് മത്സരങ്ങള്‍ നടക്കുക.
അടുത്തിടെ വനിതാ ടീം പരിശീലക ചുമതലയിലേക്ക് തിരികെയെത്തിയ സ്യോര്‍ദ് മറയ്‌നെയ്‌ക്ക് മുന്നിലേക്കെത്തുന്ന ആദ്യ പരീക്ഷണമാണ് ഇത്. ഹരേന്ദ്ര സിങ്ങിനെ മാറ്റി ഇക്കഴിഞ്ഞ ജനുവരിയിലാണ് മറയ്‌നെ കോച്ചായി നിയമിക്കപ്പെട്ടത്. മദ്ധ്യനിര താരം സലീമ ടെറ്റെ ആണ് ഭാരതത്തിന്റെ 30 അംഗ ടീമിനെ നയിക്കുക.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യോഗ്യതാ പോരാട്ടത്തില്‍ ഭാരതം ഉള്‍പ്പെടെ എട്ട് ടീമുകളാണുള്ളത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, കൊറിയ, ഇറ്റലി, ഉറുഗ്വേ, വെയ്ല്‍സ്, ഓസ്ട്രിയ ടീമുകളാണ് മൂന്ന് യോഗ്യതാ സ്‌പോട്ടിലേക്ക് മത്സരിക്കുക. നാല് വിതമുള്ള രണ്ട് ടീമുകളായി തിരിച്ചിട്ടുണ്ട്. പൂള്‍ എയില്‍ ഇംഗ്ലണ്ട്, കൊറിയ, ഇറ്റലി, ഓസ്ട്രിയ. പൂള്‍ ബിയില്‍ ഭാരതം, സ്‌കോട്ട്‌ലന്‍ഡ്, ഉറുഗ്വേ, വെയ്ല്‍സ്. ഭാരതത്തിന്റെ ആദ്യ മത്സരം ഞായറാഴ്‌ച്ച ഉറുഗ്വേയ്‌ക്കെതിരെയാണ്. രണ്ടാമത്തെത് ഒമ്പതിന് സ്‌കോട്ട്‌ലന്‍ഡിനെതിരെയും മൂന്നാം മത്സരം 11ന് വെയ്ല്‍സിനെതിരെയും നടക്കും.
ഭാരത ടീം
ഗോള്‍ കീപ്പര്‍മാര്‍- ബന്‍സാരി സോളങ്കി, ബിച്ചു ദേവി ഖബീബം.
പ്രതിരോധ നിര- സുശീല ചാനു, നിക്കി പ്രധാന്‍, മനീഷ ചൗഹാന്‍, ഉദിത, ഇഷിക ചൗധരി
മദ്ധ്യനിര- നേഹ, സലീമ ടെറ്റെ(ക്യാപ്റ്റന്‍), സുനേലിത ടൊപ്പോ, സാക്ഷി റാണ, വൈഷ്ണവി ഫാല്‍കെ, റുതുജ പിസാല്‍, ദീപിക സോരംഗ്
മുന്നേറ്റനിര- നവ്‌നീത് കൗര്‍, ഇഷിക, ലാല്‍റെംസിയാമി, ബ്യൂട്ടി ഡങ്ഡങ്, ബല്‍ജീത്ത് കൗര്‍, അന്നു













