തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി പരീക്ഷാ നടത്തിപ്പില്‍ സുരക്ഷയും കൃത്യതയും ഉറപ്പുവരുത്താനായി ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘കൈറ്റ് – ക്യൂട്രാക്ക് ‘ മൊബൈല്‍ ആപ്പ് പുറത്തിറക്കി . മാര്‍ച്ച് 5 മുതല്‍ ആരംഭിക്കുന്ന ഹയര്‍ സെക്കന്ററി പരീക്ഷയുടെ പരീക്ഷാ കേന്ദ്രങ്ങളില്‍ ചോദ്യപ്പേപ്പര്‍ പാക്കറ്റ് തുറക്കുന്നത് മുതല്‍ പരീക്ഷ പൂര്‍ത്തിയാക്കി ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയ ക്യാമ്പിലേക്ക് അയക്കുന്നത് വരെയുള്ള മുഴുവന്‍ കാര്യങ്ങളും തത്സമയം ട്രാക്ക് ചെയ്യുന്നതിനും മോണിറ്റര്‍ ചെയ്യുന്നതിനുമായാണ് ഈ സംവിധാനം. എല്ലാ ചീഫ്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരും മാര്‍ച്ച് 4-ന് മുമ്പായി ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ലോഗിന്‍ ചെയ്യണം.
പരീക്ഷാ ദിവസങ്ങളില്‍ ചോദ്യപേപ്പര്‍ പാക്കറ്റുകള്‍ അലമാരയില്‍ നിന്ന് പുറത്തെടുക്കുന്നത് മുതല്‍ ഓരോ ഘട്ടത്തിലും ആപ്പിലെ നിശ്ചിത ബട്ടണുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ചോദ്യപേപ്പര്‍ പാക്കറ്റുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ കൃത്യമായ വിഷയമല്ലെങ്കില്‍ ആപ്പില്‍ എറര്‍ മെസേജ് ദൃശ്യമാകുകയും വിവരം ഉടന്‍ തന്നെ പരീക്ഷാ വിഭാഗത്തില്‍ ഒരു ഇന്‍സിഡന്റ് ആയി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യും. പരീക്ഷ ആരംഭിച്ച വിവരവും അവസാനിച്ച വിവരവും നിശ്ചിത സമയത്തിനുള്ളില്‍ ആപ്പില്‍ രേഖപ്പെടുത്തണം. എല്ലാ ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും സംസ്ഥാന തലത്തിലും മോണിറ്റര്‍ ചെയ്യുന്നതിനുള്ള ലോഗിനുകള്‍ ആപ്പില്‍ ക്രമീകരിച്ചിട്ടുണ്ട്.
ഹയര്‍ സെക്കന്ററി പരീക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട് അഡ്മിഷന്‍ മുതല്‍ പരീക്ഷാഫലം പ്രസിദ്ധീകരണം വരെ മുഴുവന്‍ പരീക്ഷാ പ്രക്രിയയും പൂര്‍ണ്ണമായും ഓട്ടോമേറ്റ് ചെയ്യല്‍ ലക്ഷ്യമിട്ടുകൊണ്ട് പുതുക്കിയ പോര്‍ട്ടല്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനമെന്ന് കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് പറഞ്ഞു.













