ടെഹ്റാന്‍: ഒരേ സമയം ദീര്‍ഘദൂരമിസൈലുകളും ഹ്രസ്വദൂര റോക്കറ്റുകളും അയയ്‌ക്കാന്‍ കഴിയുന്ന യുഎസിന്റെ ഹിമാഴ്സ് സംവിധാനം ഇറാനില്‍ തുടര്‍ച്ചയായി തീ പടര്‍ത്തുന്നു. M142 ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റം (HIMARS) എന്നാണ് ഹിമാഴ്സിന്റെ മുഴുവന്‍ പേര്. യുഎസിന്റെ ആയുധനിര്‍മ്മാണക്കമ്പനിയായ ലോക് ഹീഡ് മാര്‍ട്ടിനാണ് ഇതിന്റെ നിര്‍മ്മാതാവ്.
ഭാരം കുറഞ്ഞതും ചക്രങ്ങളുള്ളതുമായ ഒരു മൊബൈൽ ലോഞ്ചറിലാണ് മിസൈലുകളും റോക്കറ്റുകളും ഉള്ളത്. ഇത് വേഗത്തിലുള്ള വിന്യാസത്തിനും കൃത്യതയ്‌ക്കും ദീർഘദൂര ആക്രമണങ്ങൾക്കുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മൊബൈല്‍ ലോഞ്ചറാണ്. അഞ്ച് ടൺ ഭാരമുള്ള ഒരു ട്രക്കിൽ ഘടിപ്പിച്ചിരിക്കുന്ന ഹിമാഴ്സ് സംവിധാനത്തില്‍ ആറ് GPS-ഗൈഡഡ് GMLRS റോക്കറ്റുകളും അറ്റാക് എംഎസ് മിസൈലും ഉണ്ട്. ഏറ്റവും വലിയ മെച്ചമെന്തെന്നാല്‍ ആക്രമണം നടത്തിയ ഉടന്‍ ഈ മൊബൈല്‍ ലോഞ്ചറിന് അവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറാം. അതായത് ശത്രു ആക്രമണത്തിന്റെ ഉത്ഭവസ്ഥാനം കണ്ടെത്തി നശിപ്പിക്കാന്‍ ശ്രമിക്കുന്നതിന്മ മുന്‍പ് ഹിമാഴ്സ് ഘടിപ്പിച്ച മൊബൈല്‍ ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള ട്രക്ക് മറ്റൊരു സ്ഥാനത്തേക്ക് മാറിക്കഴിഞ്ഞിരിക്കും.
റോക്കറ്റുകള്‍ ഹ്രസ്വദൂരങ്ങളിലുള്ള ലക്ഷ്യസ്ഥാനങ്ങളെ തകര്‍ക്കാന്‍ ഉപയോഗിക്കും. ഏകദേശം 70 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങള്‍ ഈ റോക്കറ്റുകള്‍ തകര്‍ക്കും. അതേ സമയം അറ്റാക് എംഎസ് മിസൈലിന് (ATACMS) മിസൈലിന് 300 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളെ തകര്‍ക്കാന്‍ കഴിയും. ഈ മിസൈലില്‍ ജിപിഎസ് ഘടിപ്പിച്ചിട്ടുണ്ടെന്ന് മാത്രമല്ല ഇനേര്‍ഷ്യല്‍ മെഷര്‍മെന്‍റ് യൂണിറ്റും ഉണ്ട്. അതിനാല്‍ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിക്കാന്‍ ഈ മിസൈലിന് കഴിയും.
ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഹിമാഴ്സ് ഉപയോഗിച്ചിരുന്നു. മികച്ച ഫലവും കിട്ടി.ഇപ്പോള്‍ റഷ്യയ്‌ക്കെതിരെ ഉക്രൈനും ഹിമാഴ്സ് ഉപയോഗിക്കുന്നുണ്ട്. ഹിമാഴ്സ് ഇറാനില്‍ തീ പടര്‍ത്തുകയാണ്.
















