തിരുവനന്തപുരം: സകല മേഖലയിലും പരാജയം കണ്ട ഇടത് സര്‍ക്കാരിന്റെ കെഎസ്ആര്‍ടിസി ജീവനക്കാരോടുള്ള സമീപനം ഇരട്ടത്താപ്പാണെന്ന് ബിഎംഎസ് ദേശീയ ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് 37 ശതമാനം ഡിഎ നിഷേധിച്ചതിനെതിരെ കെഎസ്ടി എംപ്ലോയീസ് സംഘ് സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച നാലാംഘട്ട പ്രക്ഷോഭത്തിനോട് അനുബന്ധിച്ചുള്ള കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിഎ എന്നത് ആരുടെയും ഔദാര്യമല്ല, അവകാശമാണ്. ആ അവകാശം തടഞ്ഞ് വയ്‌ക്കുന്നത് മൗലികാവകാശ ലംഘനവും ജീവിക്കാനുള്ള അവകാശം നിഷേധിക്കലുമാണ്. ജീവനക്കാര്‍ക്ക് 37% ഡിഎ കുടിശിക, 450 കോടി എന്‍പിസി കുടിശിക, പെന്‍ഷന്‍ പരിഷ്‌ക്കരണ നിഷേധം, വര്‍ഷങ്ങളുടെ പെന്‍ഷന്‍ കുടിശിക, ശമ്പള പരിഷ്‌ക്കരണ ആനുകൂല്യങ്ങളുടെ കുടിശിക, ബസുകള്‍ വാങ്ങി നല്‍കാതെ കെഎസ്ആര്‍ടിസിയുടെ റൂട്ടുകള്‍ സ്വകാര്യവല്‍ക്കരിക്കല്‍ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പാതകങ്ങളിലൂടെ ഒരു സ്ഥാപനത്തെയും അതിലെ ജീവനക്കാരെയും തകര്‍ക്കുകയാണ് ഇടത് സര്‍ക്കാര്‍. ആനുകൂല്യങ്ങള്‍ ചോദിക്കുന്നവരോട് മാടമ്പി വര്‍ത്തമാനവും ജീവനക്കാരെ തെരുവിലിറക്കുവാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ പൂജ്യം ശതമാനം കേവലം ഡിഎയുടെ കാര്യത്തില്‍ മാത്രമല്ല പിണറായി വിജയന്‍ സര്‍ക്കാരിന് ജനങ്ങള്‍ നല്‍കുന്ന മാര്‍ക്ക് കൂടിയാണ്. സര്‍വ്വസീമകളും ലംഘിച്ച തൊഴിലാളി വിരുദ്ധ സമീപനം ഇനി തുടരുവാന്‍ അനുവദിക്കില്ല. സര്‍ക്കാരിനെ തെരുവില്‍ നേരിടേണ്ട സ്ഥിതിയുണ്ടാക്കരുതെന്ന് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ താക്കീത് നല്‍കി. ഏകദിന ഉപവാസ സമരം സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സി. ഹരീഷ് കുമാര്‍ അധ്യക്ഷനായി. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പ്രദീപ് വി. നായര്‍ സമാരോപ് പ്രഭാഷണം നടത്തി.
എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി പ്രദീപ് പുള്ളിത്തല, ബിഎംഎസ് ജില്ലാ പ്രസിഡന്റ് രാഖേഷ്, വൈദ്യുതി മസ്ദൂര്‍ സംഘ് സംസ്ഥാന സമിതി അംഗം എസ്. ബിനുമോന്‍, കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് ജില്ലാ ജോയിന്റ് സെക്രട്ടറി വി. ഗോപകുമാര്‍, എംപ്ലോയീസ് സംഘ് സംസ്ഥാന ട്രഷറര്‍ ആര്‍. എല്‍. ബിജുകുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ എസ്.ആര്‍. അനീഷ്, പി.കെ. ബൈജു, കെ.എന്‍. യമുനാ ദേവി, എം.ആര്‍. രമേഷ് കുമാര്‍, കെ. സജിത്ത് കുമാര്‍, ബി. സതികുമാര്‍, എന്‍.എസ്. രണജിത്ത്, ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
















