കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോളിന്റെ നിലവിലെ സീസണില്‍ പച്ചതൊടാനാകാതെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായ രണ്ടാം മത്സരവും പരാജയപ്പെട്ടു. ലീഗില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ ആകെ കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്. ഇന്നലെ ഇന്റര്‍ കാശിക്ക് മുന്നില്‍ കീഴടങ്ങിയത് 2-1ന്. രണ്ട് പകുതികളിലായി ഇന്റര്‍ കാശി രണ്ട് ഗോളുകള്‍ നേടിയ ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളെങ്കിലും തിരിച്ചടിച്ചത്.
അവസാന നിമിഷങ്ങളില്‍ സമനില ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. തുടക്കം മുതലേ ആക്രമിച്ചു കളിച്ച ഇന്റര്‍ കാശി മധ്യനിരയില്‍ കൃത്യമായ പാസിങ് ഗെയിം നിലനിര്‍ത്തിപോന്നു. ചിട്ടയായ മുന്നേറ്റത്തിനിടെ 34-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് നെഞ്ചകത്ത് ആദ്യ പ്രഹരമേല്‍പ്പിച്ചു. ഇന്റര്‍ കാശിക്കായി നൗറിസ് പെറ്റ്‌കെവിച്യുസ് ആണ് ഗോള്‍ നേടിയത്. ഇതോടെ ടീം 1-0ന്
മുന്നിലെത്തി. പ്രതിരോധത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.
രണ്ടാം പകുതിയില്‍ കേരളം കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും അവസരങ്ങള്‍ ഗോള്‍ ആക്കാന്‍ കഴിയാതെ പോയി. മറുവശത്ത്, 78-ആം മിനിറ്റില്‍ ആല്‍ഫ്രഡ് പ്ലാനസ് നേടിയ ഗോളോടെ കാശി ലീഡ് 2-0 ആക്കി ഉയര്‍ത്തി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് മത്സരം കൈവിട്ടപോലെ തോന്നി. 84-ാം മിനിറ്റില്‍ വിക്ടര്‍ ബെര്‍ട്ടോമിയോ നേടിയ ഗോളോടെ ബ്ലാസ്റ്റേഴ്‌സ് ഉണര്‍ന്നു. പിന്നീട് തിരിച്ചുവരവിന്റെ സൂചനകള്‍ പ്രകടിപ്പിച്ചെങ്കിലും സ്‌കോര്‍ നിലയില്‍ പ്രതിഫലിച്ചില്ല. കാശിയുടെ പ്രതിരോധം കരുത്തോടെ ഉറച്ചു നിന്നതും ബ്ലാസ്‌റ്റേഴ്‌സ് ശ്രമങ്ങളുടെ മുനയൊടിച്ചു.
















