കോഴിക്കോട്: ആലപ്പുഴ സ്വദേശിയായ ഉയരം കൂടിയ, കെ.എസ്. നായര്‍ 1990-കളില്‍ രാജ്യത്തുടനീളമുള്ള അഖിലേന്ത്യാ ടൂര്‍ണമെന്റുകളില്‍ റഫറിയായി സ്ഥിരം സാന്നിധ്യമായിരുന്നു. 1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലും അദ്ദേഹം കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ റെഫറീസ് ബോര്‍ഡ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചു.
സൈനികനായിരുന്ന കെ.എസ്. നായര്‍ വ്യോമസേനയില്‍ നിന്നും വിരമിച്ച ശേഷം കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ബാസ്‌കറ്റ്‌ബോള്‍ പരിശീലകനായി ചേര്‍ന്നു. പിന്നീടിങ്ങോട്ട് കോഴിക്കോട് പ്രൊവിഡന്‍സ് കോളേജില്‍ ചേര്‍ന്ന് ഒരു കൂട്ടം ദേശീയ, അന്തര്‍ദേശീയ യൂണിവേഴ്‌സിറ്റി താരനിരയെ തന്നെ സൃഷ്ട്ടിച്ചു. രശ്മി കരുണാകരന്‍, സെലിന്‍ വിന്‍സെന്റ്, മോളികുട്ടി ജോര്‍ജ്, ലീലാമ്മ, സാലി-ജീന, ജിജി-ജിയോ സഹോദരിമാര്‍, റെന്നി ലാല്‍, ബെറ്റി, ഉഷ, വന്ദന, ജിജി തോമസ് റോജ, ബ്രൈറ്റ്, ജെസ്സി തോമസ് ഷെട്ടി തുടങ്ങിയവര്‍ അവരില്‍ ചിലര്‍. കൂടാതെ നിരവധി സംസ്ഥാന ടീമുകളുടെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിന്റെയും പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചു.
ബെംഗളൂരുവിലുള്ള മകളുടെ വസതിയില്‍ ഇന്നലെ രാവിലെ കെ.എസ്. നായര്‍(84) അന്തരിച്ചു. കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോഴിക്കോട് സ്‌പോര്‍ട്സ് ഡവലപ്‌മെന്റ് ഓഫീസറായിരുന്നു.
വിരമിച്ച ശേഷം മാഹിയില്‍ താമസമാക്കിയ അദ്ദേഹം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മകളോടൊപ്പം ബെംഗളൂരുവിലേക്ക് താമസം മാറ്റുകയായിരുന്നു.
ഭാര്യ ടി.സി. ജയലക്ഷ്മി. രണ്ട് പെണ്‍മക്കള്‍: അനു ശിവദാസന്‍, നന്ദന ശിവദാസന്‍ (രണ്ട് പേരും ബെംഗളൂരുവില്‍ ഐടി പ്രൊഫഷണലുകള്‍). മരുമക്കള്‍: രാജശേഖരന്‍, രാജീവ് ഭാസ്‌കരന്‍. സംസ്‌കാരം നാളെ ഉച്ചയ്‌ക്ക് രണ്ടിന് ബംഗളൂരുവിലെ കുഡ്ലു ശ്മശാനം.














