തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് ഗള്‍ഫ് മേഖലയിലെ വ്യോമപാതകള്‍ അടച്ചതോടെ തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എമിറേറ്റ്‌സ് എയര്‍ലൈനുകളുടെ ഇന്നലെ വൈകുന്നേരം മുതല്‍ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളും ഇന്ന് പുലര്‍ച്ചെയുള്ള വിമാനങ്ങളുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇന്ന് പുലര്‍ച്ചെ 3.50ന് ദുബായ്‌യില്‍ നിന്നു തിരുവനന്തപുരത്ത് എത്തേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് 0355, 4.35ന് എത്തേണ്ട എമിറേറ്റ്‌സ് 522, അബുദാബിയില്‍ നിന്നുള്ള എത്തിഹാദ് എയര്‍വെയ്‌സ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.
നെടുമ്പാശേരിയില്‍ നിന്നു പുലര്‍ച്ചെ 2.38ന് മസ്‌കറ്റിലേക്ക് പുറപ്പെട്ട ഒമാന്‍ എയര്‍വേയ്‌സ് വിമാനം സുരക്ഷാ കാരണങ്ങളാല്‍ പാതിവഴിയില്‍ നെടുമ്പാശേരിയിലേക്ക് തന്നെ തിരിച്ചുവിളിച്ചു. ഉച്ചയ്‌ക്ക് 2.35ന് ഷാര്‍ജ, വൈകിട്ട് 5.20ന് ജിദ്ദ എന്നിവിടങ്ങളിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആകാശ എയര്‍ സര്‍വീസ്, ഇന്‍ഡിഗോയുടെ ഗള്‍ഫ് സര്‍വീസുകള്‍ എന്നിവ പൂര്‍ണമായും നിര്‍ത്തിയതായി അറിയിച്ചു. 6.20ന് ദുബായ്‌യിലേക്കും രാത്രി 9.50ന് റാസല്‍ ഖൈമയിലേക്കും രാത്രി 10.50ന് അബുദാബിയിലേക്കുള്ള സര്‍വീസുകള്‍ ഇന്‍ഡിഗോ റദ്ദാക്കി. കരിപ്പൂരില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ ഉച്ചയ്‌ക്ക് 2.05നുള്ള കരിപ്പൂര്‍- ദുബായ് സര്‍വീസ്, വൈകിട്ട് 4.25നുള്ള കരിപ്പൂര്‍-ജിദ്ദ സര്‍വീസ്, ഇന്ന് പുലര്‍ച്ചെ 1.35നുള്ള കരിപ്പൂര്‍ അബുദാബി സര്‍വീസുകള്‍ ഉള്‍പ്പെടെ റദ്ദാക്കി. ഇതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.
ടിക്കറ്റുതുക തിരികെ ലഭിക്കുന്നതിനോ മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റുന്നതിനോ വേണ്ട സൗകര്യങ്ങള്‍ എയര്‍ലൈനുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി എയര്‍ലൈന്‍ വെബ്‌സൈറ്റുകളോ ഹെല്‍പ്പ് ലൈന്‍ നമ്പരുകളോ ഉപയോഗിക്കാമെന്ന് വിമാനത്താവളങ്ങള്‍ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരെ സഹായിക്കാന്‍ എല്ലാ എയര്‍ലൈനുകളുടെയും ഹെല്‍പ് ലൈന്‍ കൗണ്ടറുകള്‍ രാജ്യാന്തര ടെര്‍മിനലിന് പുറത്ത് സജ്ജീകരിച്ചിട്ടുണ്ട്.











