തൃശൂര്‍: പണി പകുതിയും ബാക്കി. നാല് ഘട്ടത്തില്‍ പൂര്‍ത്തിയായത് രണ്ട്ഘട്ടം മാത്രം. മൃഗങ്ങളും എത്തിയില്ല. ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചിട്ടുമില്ല. കടുവകള്‍ ഉള്‍പ്പെടെ നിലവിലുള്ള മൃഗങ്ങളെ ഇപ്പോള്‍ കാണാനുമാകില്ല. അവ കൂട്ടില്‍ ചികിത്സയില്‍. ആകെയുള്ളത് മാനും മയിലും കാട്ടുപോത്തും. രാജ്യത്തെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കായ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി തീരും മുന്‍പേ തിരക്കിട്ട് തുറക്കുന്നതില്‍ പ്രതിഷേധവുമുണ്ട്. രാവിലെ എട്ട് മണിക്ക് വനം, വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍, റവന്യൂ മന്ത്രി അഡ്വ. കെ. രാജന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ആദ്യ സന്ദര്‍ശകരാകും.
രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയായിരിക്കും പ്രവേശന സമയം. മറ്റ് മൃഗശാലകളിലെ പോലെ തന്നെ തിങ്കളാഴ്ചകളില്‍ സുവോളജിക്കല്‍ പാര്‍ക്കിനും അവധിയായിരിക്കും. മുതിര്‍ന്നവര്‍ക്ക് 100 രൂപയും അഞ്ച് മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് 30 രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 രൂപയും ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് പ്രവേശനം സൗജന്യവുമായിരിക്കും.
ഹെഡ്മാസ്റ്ററുടെയോ പ്രിന്‍സിപ്പലിന്റെയോ അനുമതിയോടെ, സ്‌കൂള്‍ യൂണിഫോമില്‍ ഗ്രൂപ്പായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇളവുകളോടെയുള്ള പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. കിന്റര്‍ഗാര്‍ട്ടന്‍, എല്‍കെജി, യുകെജി തുടങ്ങി നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം സൗജന്യം. 5 മുതല്‍ 12 വരെയുള്ള ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 30 രൂപ നിരക്കിലും 20 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അദ്ധ്യാപകന്‍ അല്ലെങ്കില്‍ അദ്ധ്യാപിക അല്ലെങ്കില്‍ ജീവനക്കാരന്‍ എന്ന നിലയില്‍ 30 രൂപക്ക് പ്രവേശനം അനുവദിക്കും. ഇരുചക്രവാഹന പാര്‍ക്കിങ്ങിനായി 25 രൂപയും ഓട്ടോറിക്ഷകള്‍ക്ക് 30 രൂപയും കാര്‍ അല്ലെങ്കില്‍ ജീപ്പ് എന്നിവയ്‌ക്ക് 100 രൂപയും 32 സീറ്റുകള്‍ വരെയുള്ള വാന്‍ അല്ലെങ്കില്‍ ടെമ്പോ അല്ലെങ്കില്‍ മിനി ബസ് എന്നിവയ്‌ക്ക് 175 രൂപയും ബസുകള്‍ക്ക് 250 രൂപയും ടിക്കറ്റ് ചാര്‍ജായി നല്‍കണം.
സ്റ്റില്‍ ക്യാമറകള്‍ക്ക് 350 രൂപയും വീഡിയോ ക്യാമറക്ക് 750 രൂപയും ക്ലോക്ക് റൂമിന് 25 രൂപയുമാണ് ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിട്ടുള്ളത്. സുവോളജിക്കല്‍ പാര്‍ക്കിനകത്തെ യാത്രക്കായി കെഎസ്ആര്‍ടിസിയുടെ രണ്ട് ഇലക്ട്രിക്ക് ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈ നോണ്‍ എസി ബസുകളില്‍ മുതിര്‍ന്നവര്‍ക്ക് 50 രൂപയും അഞ്ച് മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് 25 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്. 350 ഏക്കറിലുള്ള സുവോളജിക്കല്‍ പാര്‍ക്ക് സംസ്ഥാനത്ത് ഇത്തരത്തില്‍ ആദ്യത്തേതാണ്.
















