അജ്മീർ: രാജസ്ഥാനിൽ 16,686 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നഗരവികസനം, കുടിവെള്ള വിതരണം, റോഡ് അടിസ്ഥാന സൗകര്യങ്ങൾ, ജലസേചനം, ഊർജ്ജം, വ്യാവസായിക വികസനം എന്നിവയുൾപ്പെടുന്ന പദ്ധതികൾക്കാണ് തുടക്കമായത്. രാജസ്ഥാന്റെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും അവിടുത്തെ നിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതുമാണ് പദ്ധതികൾ.
ബണ്ടികുയി മുതൽ ജയ്‌പൂർ വരെയുള്ള നാലുവരി ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ, അമൃത്സർ-ജാംനഗർ സാമ്പത്തിക ഇടനാഴിയുടെ ആറ് വരി ആക്സസ്-നിയന്ത്രിത ഗ്രീൻ ഹൈവേ (പാക്കേജ് 7), ഡൽഹി-വഡോദര ആക്സസ് കൺട്രോൾഡ് ഗ്രീൻഫീൽഡ് എക്സ്പ്രസ് വേയുടെ എട്ട് വരി കാരിയേജ് വേ (പാക്കേജ് 14) എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ചടങ്ങിൽ, 9 മുതൽ 14 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾക്കായി രാജ്യവ്യാപകമായി ഒരു HPV വാക്സിനേഷൻ കാമ്പയിൻ പ്രധാനമന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സെർവിക്കൽ ക്യാൻസറിൽ നിന്ന് പെൺകുട്ടികളെ സംരക്ഷിക്കുന്നതിനും രാജ്യത്തെ പ്രതിരോധ ആരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ കാമ്പയിൻ ലക്ഷ്യമിടുന്നത്.
പൊതുജനാരോഗ്യ പരിരക്ഷയും കുടുംബങ്ങൾക്കിടയിൽ അവബോധവും വികസിപ്പിക്കുന്നതിലെ ഒരു സുപ്രധാന ചുവടുവയ്‌പ്പാണ് ഈ ലോഞ്ച്.
















