കൊച്ചി: നിര്‍മിത ബുദ്ധിയും ഓട്ടോമേഷനും ആഗോള ഭൂപ്രകൃതിയെ തന്നെ പുനര്‍നിര്‍മിക്കുമ്പോള്‍ ഫ്യൂച്ചര്‍ സ്‌കില്‍ ലാബുകള്‍ പോലുള്ള സംരംഭങ്ങള്‍ നമ്മുടെ യുവതയെ ഉന്നത ശ്രേണിയിലെ തൊഴിലിനായി സജ്ജമാക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ഫ്യൂച്ചര്‍ സ്‌കില്‍ സെന്റര്‍ അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിങ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ യുവതലമുറയ്‌ക്ക് മികച്ച തൊഴിലും സംരംഭകത്വവും ലഭ്യമാക്കാന്‍ ഇതുപോലുള്ള കൂടുതല്‍ കേന്ദ്രങ്ങള്‍ കേരളത്തിലുടനീളം കൊണ്ടുവരാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. നൂതന സാങ്കേതിക വിദ്യകള്‍ രാജ്യത്തിന്റെ അനിവാര്യമായ വികസനത്തിന് ഉപയോഗപ്പെടുത്താന്‍ ഇത്തരം സെന്റര്‍ ഓഫ് എക്‌സലന്‍സുകള്‍ അത്യന്താപേക്ഷിതമാണ്.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നൈപുണ്യ- സംരംഭകത്വ മന്ത്രാലയത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ നൈപുണ്യ വികസന കോര്‍പറേഷന്റെ നേതൃത്വത്തിലാണ് ആറ് അന്തര്‍ദേശീയ ലാബുകള്‍ ആരംഭിച്ചിരിക്കുന്നത്. ബെംഗളൂരു എത്തനോ ടക് അക്കാദമിയും ഫിസാറ്റ് എന്‍ജിനിയറിങ് കോളജും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷനും അങ്കമാലി ഫിസാറ്റും എത്തനോട്ടക്ക് അക്കാദമിയും തമ്മിലുള്ള ധാരണാപത്രം ഒപ്പുവച്ചു.
ചടങ്ങില്‍, റോജി എം. ജോണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മൂക്കന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ ഏലിയാസ് കെ. തര്യന്‍, ദേശീയ നൈപുണ്യ വികസന കോര്‍പറേഷന്‍ സൗത്ത് റീജിയണല്‍ ഹെഡ് ഷെയ്ഖ് മഹ്‌മൂദ്, ഫെഡറല്‍ ബാങ്ക് ഇവിപിയും ബ്രാഞ്ച് ബാങ്കിങ് മേധാവിയുമായ ഇക്ബാല്‍ മനോജ്, ഫിസാറ്റ് ചെയര്‍മാന്‍ പി.ആര്‍. ഷിമിത്ത്, ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ പ്രസിഡന്റ് ഡോ. പ്രതാപ് സിങ് ദേശായി, ഫിസാറ്റ് വൈസ് ചെയര്‍മാന്‍ സച്ചിന്‍ ജേക്കബ് പോള്‍, ട്രഷറര്‍ ജെനിബ് ജെ. കാച്ചപ്പിള്ളി, എത്തനോ ടേക് എംഡി ഡോ. കിരണ്‍ രാജണ്ണ, പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
















