തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് സംസ്ഥാനത്തെ സ്ത്രീ സുരക്ഷാ പദ്ധതിയിലെ ഗുണഭോക്താക്കളുടെ വിവരവും ചോര്‍ത്തി. മുഖ്യമന്ത്രിയുടെ ഒഎസ്ഡി ശ്രീറാം സാംബശിവറാവു രേഖ ചോര്‍ത്തലിന് നിര്‍ദേശം നല്കിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന്.
എല്ലാ വകുപ്പുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് ഡേറ്റ ബാങ്ക് സൃഷ്ടിക്കാനാണെന്നും ഇതിനായി സ്ത്രീ സുരക്ഷാ പദ്ധതിയിലെ ഗുണഭോക്താക്കളുടെ പട്ടിക അടങ്ങിയ ഡേറ്റാ ബേസ് ജില്ല തിരിച്ച് ഫെബ്രുവരി 10ന് മുമ്പായി നല്കണമെന്നും മുഖ്യമന്ത്രിയുടെ സ്‌പെഷല്‍ ഓഫീസര്‍ അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എംഎസ്, ഇ മെയില്‍, വാട്ട്‌സ്ആപ്പ്, വോയ്‌സ്/ഐവിആര്‍ എന്നിവയിലൂടെ അറിയിപ്പുകള്‍ എത്തിക്കുന്നതിന് ഇത് ആവശ്യമാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
35നും 60നും ഇടയില്‍ പ്രായമുള്ള വീട്ടമ്മമാരുടെയും ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെയും വിവരങ്ങളാണ് സ്ത്രീ സുരക്ഷാ പദ്ധതിയില്‍ നിന്ന് ചോര്‍ത്തിയെടുത്തത്. 10.18 ലക്ഷം പേരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെങ്കിലും അപേക്ഷകരായ 15,88,267 പേരുടെ വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. കെ സ്മാര്‍ട്ട് വഴിയാണ് പദ്ധതിയില്‍പ്പെടുത്താനായി അപേക്ഷിച്ചത്.
എല്ലാ ഔദ്യോഗിക ആശയ വിനിമയങ്ങളും പ്രചരിപ്പിക്കാനെന്ന് വിശദീകരിക്കുമ്പോഴും സ്വകാര്യ പിആര്‍ ഏജന്‍സികളുടെ പക്കലും എകെജി സെന്ററിലെ സെര്‍വറുകളിലും ഡേറ്റകള്‍ എത്തിയിട്ടുണ്ടാകുമെന്നാണ് സൂചന.
ഒപ്പം മരുന്നു മാഫിയകളുടെയും ഡാര്‍ക്ക് വെബ് പോലുള്ള സൈബര്‍ കുറ്റവാളികളുടെയും ശത്രുരാജ്യത്തെ ചാര സംഘടനകളുടെ കൈയിലും എത്തിയേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
















