കൊച്ചി:സഭാ തര്‍ക്കത്തില്‍ കോടതിയേക്കാള്‍ മധ്യസ്ഥത ആണ് വേണ്ടതെന്ന് ട്വന്റി ട്വന്റി നേതാവ് സാബു എം ജേക്കബ്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചപ്പോള്‍ സംസാരിച്ചെന്നും വേണ്ടത് ചെയ്യാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയെന്നും സാബു എം ജേക്കബ് പറഞ്ഞു.
പോസിറ്റീവ് ആയാണ് പ്രധാനമന്ത്രി സംസാരിച്ചത്. രണ്ട് വിഭാഗവും ഒന്നിച്ച് പോകുന്നതാണ് നല്ലതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വൈകാതെ പരിഹാരം കാണാന്‍ സാധിക്കും എന്നാണ് കരുതുന്നത്.കൂടിക്കാഴ്ചയില്‍ രാഷ്‌ട്രീയമില്ല. രാഷ്‌ട്രീയം അതിന്റെ വഴിക്കും മതം അതിന്റെ വഴിക്കും പോകണം. കേരളത്തില്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം. ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ ഫോര്‍മുല കൊണ്ടുവരാനാണ് ശ്രമം.സഭാ തര്‍ക്കത്തില്‍ പരിഹാരം കാണാന്‍ സാധിച്ചാല്‍ അത് ഒരു പുണ്യമായി കാണുമെന്ന് സാബു എം ജേക്കബ് പറഞ്ഞു.
ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് പ്രധാനമന്ത്രിയെ കണ്ട് സംസാരിക്കാന്‍ ഉള്ള സഹായം ചെയ്യും. ബാവയെ കണ്ട് സംസാരിച്ചു. വിഷയത്തില്‍ രാഷ്‌ട്രീയപരമായ മുതലെടുപ്പിനാണ് ഇടത്-വലത് മുന്നണികള്‍ ശ്രമിച്ചത്.എന്നാല്‍ ആത്മാര്‍ഥമായി പരിഹാരം കാണാനാണ് താന്‍ ശ്രമിക്കുന്നത് എന്ന് സാബു എം ജേക്കബ് പറഞ്ഞു.
ഇതില്‍ രാഷ്‌ട്രീയം കാണുന്നില്ല,ക്രെഡിറ്റ് ആഗ്രഹിക്കുന്നില്ല. എന്‍ ഡി എയില്‍ ചേര്‍ന്നിട്ട് വളരെ കുറച്ച് നാളുകളേ ആയുള്ളൂ.കേരളത്തിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ആഗ്രഹം. എന്‍ ഡി എയുടെ ഭാഗമായപ്പോള്‍ അതിനൊരു അവസരം കിട്ടി. ആ അവസരം ഉപയോഗിച്ചു എന്നും സാബു എം ജേക്കബ് പറഞ്ഞു.
















