സംസാരഭാഷയിലെ സങ്കീര്‍ണതകളെ ഒതുക്കമാര്‍ന്നതും ഗണനയോഗ്യവുമായ വ്യാകരണമാക്കി മാറ്റിയ പാണിനി ഇക്കാലത്തും പ്രസക്തമായ ഒരു കാര്യം തെളിയിച്ചു: ഘടനയോടുകൂടി പ്രകടിപ്പിക്കുമ്പോഴാണ് വിവേകം സുശക്തമായി മാറുന്നത്. ആ ഉള്‍പ്രേരണയെ സ്ഥാപനങ്ങളിലേക്ക് പകര്‍ന്ന നളന്ദ, വിജ്ഞാനത്തെ അതിര്‍ത്തിക്കള്‍ക്കപ്പുറം സംവദിക്കാനും സംരക്ഷിക്കാനും കൈമാറാനും രീതികള്‍ ആവിഷ്‌കരിച്ചു. ‘ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026’-ന് ആതിഥേയത്വം വഹിക്കാന്‍ രാജ്യം തീരുമാനമെടുത്തത് ഈ നാഗരിക പ്രേരണയില്‍ നിന്നാണ്.
സാങ്കേതികവിദ്യ അടുത്ത കുതിച്ചുചാട്ടത്തിനൊരുങ്ങവെ, വന്‍തോതില്‍ പഠിക്കാനും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന ഈ സംവിധാനങ്ങള്‍ എങ്ങനെ നിര്‍മിക്കണമെന്ന് ചുരുക്കം ചില ശക്തികള്‍ മാത്രം തീരുമാനിക്കുന്ന ഭാവി ലോകത്തിന് താങ്ങാനാവില്ല എന്ന തിരിച്ചറിവാണ് ഭാരതത്തെ ഇതിന് പ്രേരിപ്പിച്ചത്.
ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമായി ഭാരതം
കഴിഞ്ഞയാഴ്ച ഭാരത് മണ്ഡപത്തില്‍ സംഘടിപ്പിച്ച ഈ ഉച്ചകോടി ഒരു ഗ്ലോബല്‍ സൗത്ത് രാഷ്‌ട്രം ആതിഥേയത്വം വഹിച്ച പ്രഥമ ആഗോള എഐ ഉച്ചകോടിയാണ്. 20-ലധികം രാഷ്‌ട്രത്തലവന്മാരും 60 മന്ത്രിമാരും 100-ലേറെ രാജ്യങ്ങളില്‍ നിന്ന് 500-ലധികം എഐ നേതാക്കളും പത്ത് പ്രമേയാധിഷ്ഠിത പവലിയനുകളിലായി 300 പ്രദര്‍ശകരും ഉച്ചകോടിയുടെ ഭാഗമായി. ഡാറ്റാ പരമാധികാരം, രൂപകല്പനയിലെ ഉള്‍ച്ചേര്‍ക്കല്‍, ഉത്തരവാദിത്തബോധം എന്നിവയിലൂന്നിയ സ്വന്തം ആശയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ മുന്നോട്ടുവെയ്‌ക്കുന്നത്.
പ്രധാനമന്ത്രിയുടെ ‘മാനവ്’ (MANAV) ദര്‍ശനം
പ്രധാനമന്ത്രിയുടെ ‘മാനവ്’ എന്ന ദര്‍ശനത്തിലാണ് ഭാരതത്തിന്റെ എഐ കാഴ്ചപ്പാട് ഏറ്റവും വ്യക്തമായി പ്രകടിപ്പിക്കപ്പെടുന്നത്. ഇതിന്റെ അടിസ്ഥാന തൂണുകള്‍ ഇവയാണ്:
ധാര്‍മിക സുരക്ഷാ കവചങ്ങള്‍: ഉത്തരവാദിത്തപൂര്‍ണമായ ഭരണനിര്‍വ്വഹണം ഉറപ്പാക്കുക.
ഡാറ്റാ പരമാധികാരം: പണ്ട് ഉല്പന്നങ്ങള്‍ ചൂഷണം ചെയ്യപ്പെട്ടതുപോലെ എഐ സാങ്കേതികവിദ്യയുടെ അസംസ്‌കൃത വസ്തുക്കള്‍ (ഡാറ്റ) ചൂഷണം ചെയ്യപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.
വിപുലമായ ലഭ്യത: ബംഗളൂരുവിലെ എന്‍ജിനീയര്‍ക്ക് ലഭിക്കുന്നത് പോലെ തന്നെ മധ്യപ്രദേശിലെ കര്‍ഷകനും നിര്‍മിതബുദ്ധിയുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കുക.
നിയമസാധുത: വിന്യസിക്കപ്പെടുന്ന ഓരോ സംവിധാനത്തെയും ജനാധിപത്യപരമായ പരിശോധനകള്‍ക്ക് ഉത്തരം നല്‍കാന്‍ ബാധ്യസ്ഥമാക്കുക.
നിര്‍മിതബുദ്ധിയ്‌ക്ക് ഒരു തുറന്ന ആകാശം നല്‍കുമ്പോള്‍ തന്നെ അതിന്റെ നിയന്ത്രണം മനുഷ്യകരങ്ങളില്‍ നിലനിര്‍ത്തണമെന്ന പ്രധാനമന്ത്രിയുടെ തീരുമാനം പല വികസിത രാജ്യങ്ങളും സ്വീകരിക്കാന്‍ മടിക്കുന്ന നിലപാടാണ്.
ന്യൂദല്‍ഹി പ്രഖ്യാപനവും ‘ഭാരത് ജെന്‍’ പദ്ധതിയും
ഉച്ചകോടിയില്‍ അംഗീകരിച്ച ‘ന്യൂദല്‍ഹി പ്രഖ്യാപന’ത്തിലൂടെ ഈ തത്വങ്ങള്‍ക്ക് ബഹുരാഷ്‌ട്ര സ്വാധീനം കൈവന്നിരിക്കുന്നു. വികസനോന്മുഖ കാഴ്ചപ്പാടോടുകൂടിയ ഈ സമീപനം കര്‍ശന നിയമപാലനത്തേക്കാള്‍ വഴക്കമാര്‍ന്ന സുരക്ഷാ കവചങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു. 22 ഭാരതീയ ഭാഷകളെ പിന്തുണയ്‌ക്കുന്ന ‘ഭാരത് ജെന്‍’ പോലുള്ള വന്‍കിട പരിഹാരങ്ങള്‍ ലോകത്തിന്റെ ഭൂരിഭാഗവും ഇംഗ്ലീഷിനെ അടിസ്ഥാനമാക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്ന യാഥാര്‍ത്ഥ്യത്തെ അഭിസംബോധന ചെയ്യുന്നു.
കൂടാതെ, ഭാരതത്തില്‍ മണിക്കൂറിന് 65 രൂപ സബ്‌സിഡി നിരക്കില്‍ ലഭ്യമായ ജിപിയു സേവനം മാതൃകയാക്കി ഒരു ആഗോള ‘കംപ്യൂട്ട് ബാങ്ക്’ വിഭാവനം ചെയ്തിട്ടുണ്ട്. വികസ്വര രാജ്യങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് നിര്‍മിക്കുന്ന എഐ മോഡലുകള്‍ പിന്നീട് പണം നല്‍കി ഉപയോഗിക്കേണ്ടി വരുന്ന ‘എഐ എക്സ്ട്രാക്റ്റിവിസം’ എന്ന ഡാറ്റാ ചൂഷണരീതിയെ ഭാരതത്തിന്റെ ഡാറ്റാ പരമാധികാര പ്രഖ്യാപനം നേരിട്ട് വെല്ലുവിളിക്കുന്നു.
ഡിജിറ്റല്‍ പൊതുഅടിസ്ഥാന സൗകര്യങ്ങളുടെ കരുത്ത്
ഭാരതത്തിന്റെ എഐ മുന്നേറ്റം നിലകൊള്ളുന്നത് കഴിഞ്ഞ ഒരു പതിറ്റാണ്ടായി നടപ്പാക്കി വരുന്ന ഡിജിറ്റല്‍ വിപ്ലവത്തിലാണ്.
യുപിഐ: 2025ല്‍ യുപിഐ വഴി 228 ബില്യണിലധികം ഇടപാടുകള്‍ നടന്നു. ഇതിന്റെ മൂല്യം ഏകദേശം 3.4 ട്രില്യണ്‍ ഡോളറാണ്. ഇത് ലോകത്തെ തത്സമയ ഡിജിറ്റല്‍ ഇടപാടുകളുടെ പകുതിയോളം വരും.
ജാം ത്രയം: ജന്‍ധന്‍-ആധാര്‍-മൊബൈല്‍ സംവിധാനത്തിലൂടെ സാമൂഹ്യക്ഷേമ പദ്ധതികളില്‍ 3.48 ലക്ഷം കോടി രൂപയുടെ ലാഭമുണ്ടാക്കാനായി.
ആഗോള നിക്ഷേപങ്ങളുടെ ഒഴുക്ക്
ലോകത്തെ ഡാറ്റയുടെ 20 ശതമാനത്തോളം ഉല്പാദിപ്പിക്കുന്ന ഭാരതത്തില്‍ ആഗോള ഡാറ്റാ സെന്റര്‍ ശേഷിയുടെ മൂന്ന് ശതമാനം മാത്രമാണുള്ളത്. ഈ വിടവ് നികത്താന്‍ വന്‍കിട കമ്പനികള്‍ മുന്നോട്ടുവന്നിട്ടുണ്ട്:
മൈക്രോസോഫ്റ്റ്: 17.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം.
ഗൂഗിള്‍: 15 ബില്യണ്‍ ഡോളറിന്റെ ‘അമേരിക്ക-ഇന്ത്യ കണക്ട്’ പദ്ധതി.
അദാനി ഗ്രൂപ്പ്: പുനരുപയോഗ ഊര്‍ജമുപയോഗിച്ചുള്ള എഐ ഡാറ്റാ സെന്ററുകള്‍ക്ക് 100 ബില്യണ്‍ ഡോളര്‍.
എന്‍വിഡിയ സഖ്യങ്ങള്‍: ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയും യോട്ട ഡാറ്റ സര്‍വീസസും എന്‍വിഡിയയുമായി ചേര്‍ന്ന് വലിയ എഐ ഫാക്ടറികളും കമ്പ്യൂട്ടിങ് കേന്ദ്രങ്ങളും നിര്‍മ്മിക്കുന്നു.
ഇന്ത്യ എഐ മിഷന്‍: രാജ്യത്തെ ജിപിയു ശേഷി 58,000-ത്തിലേക്ക് ഉയര്‍ത്തുന്നു.
അടുത്ത രണ്ട് വര്‍ഷത്തിനകം എഐ അടിസ്ഥാന സൗകര്യ മേഖലയില്‍ 200 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമെന്ന സര്‍ക്കാര്‍ ലക്ഷ്യം കൈയ്യെത്തും ദൂരത്താണെന്ന് ഈ പ്രഖ്യാപനങ്ങള്‍ ഉറപ്പാക്കുന്നു.
ബജറ്റിലെ പിന്തുണയും ഭാവിപദ്ധതികളും
2047 വരെ നികുതി ഇളവുകള്‍ നല്‍കിയും വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിലേക്ക് 1.1 ബില്യണ്‍ ഡോളര്‍ അനുവദിച്ചും 2026-27 ബജറ്റ് ഈ മേഖലയ്‌ക്ക് കരുത്തുപകരുന്നു. ‘നാഷണല്‍ ക്രിട്ടിക്കല്‍ മിനറല്‍ മിഷന്‍’ വഴി ലിഥിയം, കോബാള്‍ട്ട് തുടങ്ങിയ അപൂര്‍വ ധാതുക്കളുടെ ലഭ്യത ഉറപ്പാക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ 570 ലാബുകള്‍ ലക്ഷ്യമിടുന്നതില്‍ 30 ലാബുകള്‍ ഇതിനകം പ്രവര്‍ത്തനസജ്ജമാണ്. ‘എഐകോഷ്’ വഴി 7,500-ലധികം വിവരശേഖരങ്ങളും 273 മോഡലുകളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നു.
തദ്ദേശീയ മോഡലുകളും തന്ത്രപരമായ പങ്കാളിത്തവും
ഭാരതം സ്വന്തമായി വികസിപ്പിച്ച മൂന്ന് എഐ മോഡലുകളാണ് ഉച്ചകോടിയില്‍ പുറത്തിറക്കിയത്. ഇതില്‍ സര്‍വം എഐയുടെ 105 ബില്യണ്‍ പാരാമീറ്റര്‍ മോഡലും ഭാരത്ജെന്‍ പരം-2 മോഡലും ഉള്‍പ്പെടുന്നു. ടാറ്റ ഗ്രൂപ്പും ഓപ്പണ്‍ എഐയും തമ്മിലുള്ള പങ്കാളിത്തം ഭാരതത്തെ കേവലം ഉപഭോക്താവെന്ന നിലയില്‍ നിന്ന് വിതരണക്കാരനെന്ന നിലയിലേക്ക് മാറ്റുന്നു. ‘പാക്സ് സിലിക്ക’ പ്രഖ്യാപനത്തിലൂടെ യുഎസ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം സുരക്ഷിത വിതരണ ശൃംഖലയുടെ ഭാഗമായും ഇന്ത്യ മാറി.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഭാരതം എഐ ഭരണനിര്‍വ്വഹണത്തിന്റെ നിയമങ്ങള്‍ തിരുത്തിയെഴുതുകയാണ്. ദല്‍ഹി പ്രഖ്യാപനം മുതല്‍ തദ്ദേശീയ എഐ മോഡലുകള്‍ വരെ നീളുന്ന ഈ മുന്നേറ്റം ലോകത്തിന് പുതിയൊരു മാതൃകയാണ്. ഘടനയാണ് വിവേകമെന്ന പാണിനിയുടെ പാഠം ഉള്‍ക്കൊണ്ട് ആധുനികമായ ഒരു എഐ ഘടന കെട്ടിപ്പടുക്കുന്ന തിരക്കിലാണ് ഇന്ന് ഭാരതം.
















