കൊച്ചി: ‘ദി കേരളാ സ്റ്റോറി 2’ന് പ്രദർശനാനുമതി. ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് സുഷ്രുത് ധർമാധികാരി, പിവി ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.കേരള സ്റ്റോറി ടു റിലീസ് തടഞ്ഞ സംഭവത്തെ തുടർന്ന് നിർമ്മാതാക്കൾ അടിയന്തര നീക്കം നടത്തുകയായിരുന്നു. തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകുകയായിരുന്നു.ടീസറും ട്രെയിലറും ചിത്രത്തിന്റെ ഭാഗമല്ലെന്ന നിര്‍മാതാക്കളുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്
ചിത്രത്തില്‍ കേരളത്തെക്കുറിച്ച് തെറ്റായ വിവരങ്ങളുണ്ട് എന്ന് പറഞ്ഞ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നേരത്തെ ‘കേരള സ്റ്റോറി 2’ റിലീസ് കേരള ഹൈക്കോടതി തടഞ്ഞിരുന്നു. 15 ദിവസത്തേക്കാണ് കോടതി ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തത്. സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ കാണണമെന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയാണ് നിര്‍മാതാക്കള്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
ചിത്രത്തിന്റെ ടീസർ ഇറങ്ങി 16 ദിവസം കഴിഞ്ഞാണ് ഹർജികൾ ഫയൽ ചെയ്തതെന്ന് നിർമാതാവ് കോടതിയിൽ വാദിച്ചു. കേരള സ്റ്റോറി ഒന്നാം ഭാഗം ദേശീയ പുരസ്‌കാരങ്ങൾ നേടിയ ചിത്രമാണെന്നും സിബിഎഫ്സി സെൻസർ സർട്ടിഫിക്കേറ്റ് നൽകിയ സിനിമയാണെന്നുമാണ് നിർമാതാക്കളുടെ വാദം. ചില സാമൂഹിക വിപത്തുകളെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. കഥ സംവിധായകന്റേതാണ്. കേരളത്തെ അപമാനിക്കുന്നില്ല.
സാമൂഹിക വിപത്തുകൾ പ്രോത്സാഹിപ്പിക്കുന്ന ആളുകൾക്കെതിരെ സംസാരിക്കുന്ന സിനിമയാണിത്. ഒരു മതം പൂർണമായി അല്ല അതിലെ ഒരു വിഭാഗം ആളുകളാണ് ഈ സാമൂഹിക വിപത്തിന് പിന്നിലുള്ളത്. അവരെ കുറിച്ചാണ് സിനിമ പറയുന്നതെന്നും നിർമാതാക്കൾ കോടതിയിൽ പറഞ്ഞു. സാമുദായിക സൗഹാർദ്ദത്തെ സിനിമ തകർക്കുന്നില്ലെന്നും ആവിഷ്കാര സ്വാതന്ത്ര്യം സുപ്രീം കോടതിയും ഭരണഘടനയും ഉറപ്പ് നൽകുന്നതാണെന്നുമാണ് ഹർജി പരിഗണിക്കവേയുള്ള നിർമാതാക്കളുടെ വാദം. ചിത്രം റിലീസ് ചെയ്തില്ലെങ്കിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നും പറഞ്ഞു.
















