തൃശൂര്‍: സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് രാജർഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനുള്ള ഏക ഉപായം.
എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്ഥയാക്കുകയായിരുന്നു.
ഇങ്ങിനെ ശിവന്റെ ജടയില്‍ ബന്ധനസ്ഥയായ ഗംഗാനദി പിന്നീട് ഭൂമിയിലേക്ക് അധികം ശക്തിയിലല്ലാതെയാണ് പതിച്ചത്. ശിവന്റെ ജടയില്‍ നിന്നും ആ ഗംഗാനദി ഭൂമിയില്‍ ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ശിവനെ മറ്റൊരു പേര് കൂടി വിളിക്കാറുണ്ട്- ഗംഗാധരൻ. ഗംഗയെ ജഡയില്‍ ധരിയ്‌ക്കുന്നവന്‍ എന്ന അര്‍ത്ഥത്തിലാണിത്.
















