തിരുവാതിര നാളില്‍ കൂവളം ശിവന് സമര്‍പ്പിക്കുന്നത് അത്യന്തം പവിത്രമായ ആചാരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം പ്രത്യേകിച്ച് ശിവനെ ആരാധിക്കുന്നതിനാല്‍, കൂവളം സമര്‍പ്പിക്കുന്നത് ശിവപ്രീതിക്ക് ഏറ്റവും ശ്രേഷ്ഠമായ നി വേദ്യമായി കരുതപ്പെടുന്നു. കൂവളത്തിന്റെ മൂന്ന് ഇലകള്‍ ത്രിമൂര്‍ത്തികളെയും ശിവന്റെ ത്രിനേത്രത്തെയും ത്രീഗുണങ്ങളെയും പ്രതിനിധീകരിക്കുന്നതായാണ് വിശ്വാസം.പാപത്തെ ഇല്ലാതാക്കുന്ന വില്വം ശാരീരിക മാനസിക രോഗങ്ങൾ ഉണ്ടാക്കുന്ന കാരണങ്ങളെ വേരോടെ നശിപ്പിക്കും. കൂവളം വീട്ടുമുറ്റത്ത് ഉണ്ടെങ്കിൽ ദാരിദ്ര്യം വരില്ല എന്നാണ് വിശ്വാസം.
കൂവളം നട്ടാൽ അശ്വമേധയാഗവും, ആയിരം പേർക്ക് അന്ന ദാനം, ഗംഗാസ്നാനം, കാശി ദർശനം എല്ലാം ചെയ്ത ഫലമുണ്ടാകും. സാധാരണ കൂവളത്തിന് മൂന്ന് ഇലയാണ് എന്നാൽ മഹാവില്വം ഒമ്പത് ഇലകളുളളതാണ്. അതിന് ഔഷധ മൂല്യം കൂടും. ശിവന്റെ ഇഷ്ടവൃക്ഷമെന്ന രീതിയിൽ ‘ശിവദ്രുമം’ എന്നും ഇതിനെ വിളിക്കാറുണ്ട്. ശിവരാത്രി നാളിൽ കൂവളമാല ശിവലിംഗത്തിൽ ചാർത്തുന്നത് ഏറെ വിശേഷമാണ് . കൂവളത്തില വാടിയാലും അതിന്റെ വിശിഷ്ടത നഷ്ടപ്പെടില്ല.
അമാവാസി പൗർണമി ദിവസങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ കൂവളത്തെയും സ്വാധീനിക്കുന്നു. ആയതിനാൽ ഈ ദിവസം കൂവളത്തില ഔഷധ അവശ്യങ്ങൾകോ മറ്റ് അവശ്യങ്ങൾകോ ഉപയോഗിക്കാൻ പാടില്ല. ഇതോടൊപ്പം മാസപ്പിറവി, അഷ്ടമി, നവമി. ചതുര്‍ത്ഥി, തിങ്കളാഴ്ച എന്നീ ദിവസങ്ങളിലും കൂവളത്തില പറിക്കാൻ പാടില്ല. ഈ ദിവസങ്ങളിൽ ഇല പറിച്ചാൽ ശിവകോപത്തിന് കാരണമാകുമെന്നാണ് വിശ്വാസം.
















