കൊല്ലം: മന്ത്രി വീണ ജോര്‍ജിന് കെ എസ് യു പ്രതിഷേധത്തില്‍ പരിക്കേറ്റെന്ന് ആരോപിച്ച് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജാഥ നടത്തിയതിന് സിപിഎം വനിത നേതാവ് ചിന്ത ജെറോമിനെതിരെ കേസെടുത്തു. സമൂഹത്തില്‍ സ്പര്‍ധ ഉളവാക്കി കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ സംഘംചേര്‍ന്ന് പ്രതിഷേധ ജാഥ നടത്തിയെന്നാണ് എഫ്‌ഐആര്‍.കോണ്‍ഗ്രസ് കൊല്ലൂര്‍വിള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസുദ്ദീന്‍ റാവുത്തറുടെ പരാതിയില്‍
ചിന്ത അടക്കം 55 പേര്‍ക്കെതിരെയാണ് ഇരവിപുരം പൊലീസ് കേസെടുത്തത്.
പ്രതിഷേധ പ്രകടനത്തില്‍ ചിന്ത ജെറോം അസഭ്യവും സ്ത്രീവിരുദ്ധവുമായ മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം. ഡിവൈഎഫ്‌ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ തീര്‍ത്തും സ്ത്രീ വിരുദ്ധമായ മുദ്രാവാക്യം ചിന്ത ഏറ്റു വിളിക്കുകയായിരുന്നു.
അതേസമയം, വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ചിന്ത ജെറോം വിശദീകരണവുമായി രംഗത്തെത്തി.പ്രതിഷേധ പ്രകടനം വലിയ വൈകാരികമായിട്ടാണ് ഉണ്ടായതെന്ന് ചിന്ത പറഞ്ഞു. പ്രകടനത്തില്‍ വൈകാരികമായ മുദ്രാവാക്യങ്ങള്‍ ഉണ്ടായിരുന്നു. പ്രകടനത്തിനൊപ്പം നല്‍ക്കുമ്പോള്‍ ഇത്തരം വൈകാരികമായ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ചു പോകുമെന്നും എന്നാല്‍ സിപിഎമ്മിനെയും പുരോഗമന സംഘടനങ്ങളെയും സംബന്ധിച്ച് സ്ത്രീകള്‍ക്കൊപ്പവും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കൊപ്പവും നില്‍ക്കുന്ന പുരോഗമന രാഷ്‌ട്രീയമാണ് ഉളളതെന്നും ചിന്താ ജെറോം പറഞ്ഞു.
















