ന്യൂഡൽഹി: ആഗോള നേതാക്കളിലെ ജനപ്രീതി സൂചികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമതാണെന്ന് അന്താരാഷ്‌ട്ര സർവേകൾ വ്യക്തമാക്കുന്നു. മോണിങ് കൺസൾട്ട് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 67 ശതമാനം അംഗീകാര റേറ്റിങ്ങോടെയാണ് മോദി മുന്നിലെത്തിയത്. സ്റ്റാറ്റിസ്റ്റയുടെ കണക്കനുസരിച്ചും 70 ശതമാനം റേറ്റിങ്ങോടെ മോദി തന്നെ ലോക നേതാക്കളിൽ മുൻപന്തിയിലാണ്. അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി ഉൾപ്പെടെയുള്ളവർ പിന്നാലെയുണ്ട്.
ഡിജിറ്റൽ ലോകത്തും രാഷ്‌ട്രീയ വേദികളിലും ഒരുപോലെ സ്വാധീനം ചെലുത്തുന്ന നേതാവെന്ന നിലയിൽ മോദിയുടെ സ്ഥാനമുറപ്പിക്കുന്നതാണ് ഈ കണക്കുകൾ. അതേസമയം, സൈബർ ലോകത്ത് പുതിയ റെക്കോർഡ് കരസ്ഥമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നിലെത്തി. ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്‌സ് എന്ന അപൂർവ നേട്ടമാണ് മോദി കൈവരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ രാഷ്‌ട്രീയ നേതാവായാണ് മോദി ചരിത്രം കുറിച്ചത്.
2014ൽ ആരംഭിച്ച മോദിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഒരു പതിറ്റാണ്ടിനിടെ തന്നെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൊന്നായി മാറുകയായിരുന്നു.നിലവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കാൾ 4.32 കോടി അധികം ഫോളോവേഴ്‌സാണ് മോദിക്കുള്ളത്. ലോക നേതാക്കളിൽ സോഷ്യൽ മീഡിയ സ്വാധീനത്തിന്റെ കാര്യത്തിൽ ഇതോടെ മോദി വ്യക്തമായ മുന്നേറ്റം നേടി.
ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ (1.5 കോടി), ബ്രസീലിന്റെ പ്രസിഡന്റ് (1.44 കോടി) എന്നിവരാണ് പിന്നാലെയുള്ള സ്ഥാനങ്ങളിൽ. ഇന്ത്യയ്‌ക്കുള്ളിലും മോദിയുടെ ഡിജിറ്റൽ സ്വാധീനം അതുല്യമാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (1.61 കോടി), ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി (1.26 കോടി) എന്നിവരാണ് മോദിക്ക് പിന്നിലുള്ളത്.
















