കൊച്ചി: പ്രചാരകനായ പത്രപ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനായ പ്രചാരകനുമായിരുന്നു പി. നാരായണനെന്ന് ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എ. രാധാകൃഷ്ണന്‍. സംഘത്തിന്റെ പ്രചാരകനും ഒരു പത്രപ്രവര്‍ത്തകനും യോജിച്ചാല്‍ എങ്ങനെയിരിക്കും അതാണ് നാരായണ്‍ജി. അദ്ദേഹത്തിനുള്ള ആദരം ജന്മഭൂമിക്കും കൂടിയുള്ളതാണ്. ആ വ്യക്തിത്വം ജന്മഭൂമിയില്‍ മാത്രം ചുരുക്കിക്കെട്ടാവുന്ന ഒന്നല്ല. ജന്മഭൂമിയെന്ന് പറയുന്നത് നാരായണ്‍ജിയാണ്. അദ്ദേഹത്തിന്റെ സമ്പര്‍ക്കമേഖല വളരെ വിശാലമാണ്.
സംഘത്തില്‍ പ്രശസ്തരല്ലാത്ത നിരവധി മഹത്തുക്കളുണ്ട്. അങ്ങനെയുള്ള വലിയൊരു നിരയെ സൃഷ്ടിക്കാനായിട്ടുണ്ട്. അതില്‍ എടുത്ത് പറയാവുന്ന രാഷ്‌ട്രം അംഗീകരിച്ച വ്യക്തിത്വമാണ് നാരായണ്‍ജിയുടേത്.
സംഘത്തിന്റെ ദൃഷ്ടിയിലായിരുന്നു അദ്ദേഹം വ്യക്തികളെ നോക്കിക്കണ്ടത്. പ്രദേശികമായി പ്രവര്‍ത്തകരെ കണ്ടറിയാനും അത് ഓര്‍ത്തെടുത്ത് എഴുതുവാനും സാധിക്കുന്നുണ്ടെന്നും അദ്ദേഹം അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
എറെ സന്തോഷമുള്ള നിമിഷം: ശ്രീകുമാരി രാമചന്ദ്രന്‍
കൊച്ചി: നാരായണ്‍ജിയെ കുറിച്ച് അടുത്തറിഞ്ഞ നിമിഷം ഏറെ സന്തോഷവും അഭിമാനവും തോന്നിയതായി എഴുത്തുകാരി ശ്രീകുമാരി രാചന്ദ്രന്‍. ഇത്തരത്തിലൊരാള്‍ നമ്മുക്കിടയിലുണ്ടെന്നത് സമൂഹത്തിന് ഏറെ പ്രചോദനം നല്‍കുന്നതാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ അസാമാന്യ കഴിവിനെ ഏറെ സ്‌നേഹത്തോടെ നമിക്കുന്നതായും അവര്‍ പറഞ്ഞു.
ഓരോ രചനങ്ങളും അമൂല്യമായ രേഖകളാണ്. രാഷ്‌ട്രീയരംഗം വിട്ട് പത്രപ്രവര്‍ത്തന രംഗം ഏറെ ആഗ്രഹത്തോടെ തെരഞ്ഞെടുത്തയാളാണ്. ആ തീരുമാനം തെറ്റായില്ലെന്ന് ഈ നേട്ടം എടുത്തുക്കാട്ടുന്നു. ജന്മഭൂമി വാരാദ്യപ്പതിപ്പിലെ അദ്ദേഹത്തിന്റെ സംഘപഥം എന്ന പംക്തി ഇടയ്‌ക്ക് വായിക്കുന്നയാളാണ് ഞാന്‍. ചരിത്ര രേഖകളാണ് സംഘപഥത്തിലൂടെ അദ്ദേഹം പങ്കുവയ്‌ക്കുന്നതെന്നും ശ്രീകുമാരി രാചന്ദ്രന്‍ പറഞ്ഞു.
















