തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് ആരോപിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ച് ഇടത് സംഘടനകള്‍.സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കോണ്‍ഗ്രസ് ഓഫീസുകള്‍ ലക്ഷ്യമിട്ടായിരുന്നു പലയിടത്തും പ്രതിഷേധങ്ങള്‍ അരങ്ങേറിയത്.
കണ്ണൂര്‍ ഡിസിസി ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഡിസിസി ഓഫീസിലേക്ക് കല്ലേറിഞ്ഞു.ഇതോടെ വന്‍ സംഘര്‍ഷം ഉടലെടുത്തു.
ഗേറ്റ് തുറന്നിട്ട് വെല്ലുവിളിച്ച കെഎസ്യു പ്രവര്‍ത്തകര്‍ എസ്എഫ്‌ഐക്ക് നേരെയും കല്ലെറിഞ്ഞു. കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരിക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. പിന്നീട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സിപിഎം ജില്ലാ ഓഫീസിലേക്കും പ്രതിഷേധ പ്രകടനം നടന്നെങ്കിലും പൊലീസ് തടഞ്ഞു.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ സിപിഎം പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസിന്റെ രാപ്പകല്‍ സമര പന്തല്‍ തകര്‍ത്തു.പ്രതിഷേധത്തിനിടെ വി.ഡി. സതീശന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു.
കാഞ്ഞിരപ്പള്ളിയില്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനത്തിനിടെ കോണ്‍ഗ്രസിന്റെ കൊടിമരം തകര്‍ത്ത് പതാക കത്തിച്ചു. പുതുയുഗ യാത്രയുടെ ബോര്‍ഡുകള്‍ നശിപ്പിച്ചു.
കൊല്ലം പുനലൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. കോഴിക്കോട് മുക്കത്തും ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനത്തിനിടെ യുഡിഎഫ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു.
സെക്രട്ടേറിയറ്റിലേക്ക് ഡി എഫ് ഐ ഐ നടത്തിയ പ്രകടനത്തിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കോലം കത്തിച്ചു.
















