”മാറാത്തത് ഇനി മാറും” എന്ന ബിജെപി വിശ്വാസത്തിന് അടിവരയിടുന്ന രാഷ്‌ട്രീയ ഗണിതവും പ്രവണതകളും ഒന്നാം ഭാഗത്തില്‍ പരിശോധിച്ചു. സംഗ്രഹം വ്യക്തമാണ്: സമൂഹത്തിന്റെ അടിത്തട്ടില്‍ രൂപപ്പെടുന്ന പുതിയ സാമൂഹ്യ ചായ്‌വുകള്‍ കേരളത്തിലെ പരമ്പരാഗത മുന്നണി രാഷ്‌ട്രീയത്തെ പുനര്‍നിര്‍മിതിയിലേക്കു നീക്കുന്നു.
എന്നാല്‍ പാര്‍ട്ടികളുടെ പുനക്രമീകരണം കൊണ്ടുമാത്രം രാഷ്‌ട്രീയ പുനര്‍നിര്‍മിതി പൂര്‍ണ്ണമാകില്ല. അതിന്റെ യഥാര്‍ത്ഥ ഊര്‍ജ്ജം ജനങ്ങളുടെ ഭരണാനുഭവങ്ങളിലാണ്. വികസനം, സുരക്ഷ, വിശ്വാസം – ഇവ പ്രഖ്യാപനങ്ങളല്ല; ദിനാനുഭവങ്ങളായി മാറുമ്പോഴാണ് ഒരു രാഷ്‌ട്രീയ സമൂഹം ദീര്‍ഘകാല സ്ഥിരത നേടുന്നത്. അതുകൊണ്ടുതന്നെ ‘വികസിത, സുരക്ഷിത, വിശ്വാസ കേരളം” എന്ന ത്രികോണ അജണ്ട ഇന്ന് നിര്‍ണായക പ്രസക്തി നേടുന്നു.
1. വികസനം: പ്രഖ്യാപനത്തിന്റെയും അനുഭവത്തിന്റെയും തലങ്ങള്‍
കേരള രാഷ്‌ട്രീയത്തില്‍ ‘വികസനം’ ദീര്‍ഘകാലമായി പ്രഖ്യാപനാത്മക അളവുകളില്‍ മാത്രമാണ് വ്യാഖ്യാനിക്കപ്പെടുന്നത്. വികസന തീരുമാനങ്ങള്‍ പലപ്പോഴും ‘പൗരപ്രമുഖര്‍’ കേന്ദ്രീകരിച്ച ചര്‍ച്ചകളിലൂടെ രൂപപ്പെടുമ്പോള്‍, സാധാരണ പൗരന്റെ ദിനാനുഭവങ്ങളും ആവശ്യങ്ങളും അതില്‍ പ്രതിഫലിക്കാറില്ല.
ഒരു ഭാഗത്ത് പാതാ നിര്‍മാണം പുരോഗമിക്കുമ്പോള്‍, മറുഭാഗത്ത് റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വികസിപ്പിക്കപ്പെടുമ്പോഴും, വിദ്യാര്‍ത്ഥികള്‍ കൂട്ടമായി സംസ്ഥാനത്തിന് പുറത്തേക്ക് അവസരങ്ങള്‍ തേടിപ്പോകുന്നു. വികസനം നടക്കുന്നു എന്ന അവകാശവാദവും അതിന്റെ സാമൂഹ്യഫലവും തമ്മിലുള്ള ഈ അന്തരങ്ങളാണ് പുതിയ രാഷ്‌ട്രീയ ചര്‍ച്ചയുടെ കേന്ദ്രബിന്ദു.
കേരള കുടിയേറ്റ സര്‍വ്വേ 2023 പ്രകാരം, 2018-ല്‍ ഏകദേശം 1.3 ലക്ഷമായിരുന്ന വിദ്യാഭ്യാസ കുടിയേറ്റം 2023-ല്‍ 2.5 ലക്ഷമായി ഉയര്‍ന്നു. ഇവരില്‍ 63 ശതമാനം ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളിലേക്കാണ് മെച്ചപ്പെട്ട വിദ്യാഭ്യാസാവസരങ്ങള്‍ തേടി പോയത്. ഇതിന്റെ ഫലമായി തൊഴില്‍, വരുമാനം, സാമൂഹ്യബന്ധങ്ങള്‍ – ഈ മൂന്ന് മേഖലകളിലുണ്ടാകുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ നിസ്സാരമല്ല. നിര്‍ണായക ഇടപെടലുകള്‍ ഇല്ലെങ്കില്‍, അടുത്ത പതിനഞ്ചു വര്‍ഷത്തേക്കും ഈ പ്രവണത തുടരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
രണ്ട് ഭരണ സമീപനങ്ങള്‍: ട്വന്റി-ട്വന്റി സഖ്യം ഒരു പ്രതീകം
വര്‍ദ്ധിച്ചുവരുന്ന കടബാധ്യതയേക്കാള്‍ കേരളത്തെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത് സംസ്ഥാന വരുമാനത്തിന്റെ 80 ശതമാനത്തോളം ശമ്പളം, പെന്‍ഷന്‍, പലിശ തിരിച്ചടവ് തുടങ്ങിയ നിര്‍ബന്ധിതവും ഉത്പാദന വളര്‍ച്ചയ്‌ക്ക് നേരിട്ട് സംഭാവന ചെയ്യാത്തതുമായ ചെലവുകള്‍ക്കായി മാറ്റിവെക്കേണ്ടിവരുന്ന യാഥാര്‍ത്ഥ്യമാണ്. കാര്‍ഷിക-വ്യവസായ-വാണിജ്യ മേഖലകളില്‍ സ്വതന്ത്ര വളര്‍ച്ച കൈവരിക്കാന്‍ സാധിക്കാതിരുന്നതിന്റെ ഉത്തരവാദിത്തം കേരളത്തെ നാളിതുവരെ ഭരിച്ച ഇരട്ട മുന്നണി സംവിധാനത്തിനാണ് ഏറ്റെടുക്കേണ്ടിവരുന്നത്.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന വികസന കാഴ്ചപ്പാടിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ഇന്ന് വ്യക്തതയുണ്ട്. ദേശീയ പാത പുനര്‍നിര്‍മ്മാണം പോലുള്ള പദ്ധതികള്‍ ജനങ്ങള്‍ക്ക് മുന്നിലുള്ള ദൃശ്യവും അനുഭവപ്പെടുന്നതുമായ യാഥാര്‍ത്ഥ്യങ്ങളാണ്. ദേശീയ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും കേരളത്തിന് ദീര്‍ഘകാലം ഇല്ലായിരുന്നുവെന്ന യാഥാര്‍ത്ഥ്യം ഇവ ഒരേസമയം ഓര്‍മ്മിപ്പിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് വികസന കാഴ്ചപ്പാടുകള്‍ രാഷ്‌ട്രീയ വാദങ്ങളല്ലാതെ വോട്ടര്‍മാരുടെ ജീവിത സാഹചര്യങ്ങളില്‍ പ്രതിഫലിക്കുന്ന ഭരണ വ്യത്യാസങ്ങളായി വായിക്കപ്പെടുന്നത്. ഇത്തരം ഭരണാനുഭവങ്ങളുടെ രാഷ്‌ട്രീയ പ്രതിഫലനമായാണ് ട്വന്റി-ട്വന്റി ബിജെപിയുമായി സഖ്യം ചേരുന്നതിനുള്ള തീരുമാനം വിലയിരുത്തപ്പെടുന്നത്. സംഘടനാപരമായ ശക്തിയിലോ ഭൂമിശാസ്ത്രപരമായ വ്യാപ്തിയിലോ അല്ല, വികസനം
ഒരു ഭരണപരമായ ഉത്തരവാദിത്തമാണെന്ന ആശയത്തിലാണ് ഈ തീരുമാനത്തിന്റെ രാഷ്‌ട്രീയ പ്രസക്തി. പ്രാദേശികവും വികേന്ദ്രീകൃതവുമായ ജനാധിപത്യ അനുഭവങ്ങളില്‍ അളന്നെടുക്കാവുന്ന ഭരണഫലങ്ങള്‍ മുന്നോട്ടുവച്ച കിഴക്കമ്പലം മാതൃക വികസനത്തെ പ്രചാരണവാക്കല്ലാതെ ഒരു ഭരണബാധ്യതയായി പുനര്‍നിര്‍വ്വചിക്കുന്നു.
ബിജെപി-ട്വന്റി-ട്വന്റി സഖ്യം യാഥാര്‍ത്ഥ്യമായതോടെ ‘രാഷ്‌ട്രീയ മുന്നണി’ എന്ന ആശയത്തിന്റെ നീതീകരണം വോട്ട് ഗണിതത്തില്‍ നിന്ന് വികസന പ്രകടനത്തിലേക്കാണ് മാറുന്നത്. ഇതോടെ മുന്നണി രാഷ്‌ട്രീയത്തിന്റെ പ്രസക്തി പോലും വികസനത്തെ കേന്ദ്രീകരിച്ച പുതിയ മാനദണ്ഡങ്ങളിലൂടെയാണ് കേരളത്തില്‍ വിലയിരുത്തപ്പെടാന്‍ തുടങ്ങുന്നത്.
2. സുരക്ഷ: സാമൂഹ്യ-രാഷ്‌ട്രീയ സാംസ്‌കാരിക അര്‍ത്ഥങ്ങള്‍
കേരളത്തില്‍ ‘സുരക്ഷ’ ഇന്നും രാഷ്‌ട്രീയമായി പെന്‍ഷന്‍, സബ്‌സിഡി, സൗജന്യ സേവനങ്ങള്‍ തുടങ്ങിയ ക്ഷേമവിതരണത്തിന്റെ ചുരുങ്ങിയ ചട്ടക്കൂടിനുള്ളിലാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. സുരക്ഷയെ ഭരണത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തമായി കാണുന്നതിനുപകരം വോട്ടുനേട്ടത്തിനുള്ള ഉപാധിയായി മാറ്റുന്ന പ്രവണതയാണ് ഇവിടെ ശക്തമാകുന്നത്. ആനുകൂല്യങ്ങളുടെ അളവാണ് സുരക്ഷയുടെ അളവെന്ന ബോധം വ്യാപിക്കുമ്പോള്‍ സാമൂഹ്യസുരക്ഷ രാഷ്‌ട്രീയ തന്ത്രമായി ചുരുങ്ങുന്നു. എന്നാല്‍ സുരക്ഷ ആനുകൂല്യ പട്ടികകളിലോ പ്രഖ്യാപനങ്ങളിലോ ഒതുങ്ങുന്ന ആശയമല്ല. വ്യക്തിയുടെ തൊഴില്‍, ജീവിതം, ആത്മവിശ്വാസം, സമൂഹത്തിന്റെ സ്ഥിരത – ഇവയൊക്കെയാണ് സുരക്ഷയുടെ മാനങ്ങള്‍.
തൊഴില്‍ ലഭ്യതയും വയോധിക കേരളവും: ചില ആകുലതകള്‍
സുരക്ഷയുടെ ഏറ്റവും മൂര്‍ച്ചയുള്ള സാമൂഹ്യ വശം തൊഴില്‍ ലഭ്യതയാണ്. പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വ്വേ (2023-24) കണക്കുകള്‍ പ്രകാരം കേരളത്തിലെ 15-29 വയസ്സുള്ള യുവാക്കളില്‍ തൊഴിലില്ലായ്‌മ നിരക്ക് ഏകദേശം 30 ശതമാനമാണ്; ദേശീയ ശരാശരിയേക്കാള്‍ മൂന്നു മടങ്ങോളം കൂടുതല്‍. യുവതികളില്‍ ഈ നിരക്ക് 47 ശതമാനത്തിലധികമാകുന്നത് ഈ പ്രതിസന്ധിയുടെ സാമൂഹ്യ ആഴം വ്യക്തമാക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥികളും യുവാക്കളും തുടര്‍ച്ചയായി സംസ്ഥാനത്തിന് പുറത്തേക്ക് ഒഴിഞ്ഞുപോകുന്ന കേരളം ഗൗരവമേറിയ ജനസംഖ്യാ പ്രായമാറ്റത്തിലേക്ക് നീങ്ങുന്നത്. സംസ്ഥാന ജനസംഖ്യയുടെ ഏകദേശം 16.5 ശതമാനം പേര്‍ ഇതിനകം 60 വയസ്സിന് മുകളിലാണ്; 2031-ഓടെ ഇത് 20 ശതമാനമായി ഉയരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉയര്‍ന്ന ആയുര്‍ ദൈര്‍ഘ്യം കേരളത്തിന്റെ നേട്ടമായിരിക്കുമ്പോഴും വയോധിക പരിചരണത്തിന്റെ സമ്മര്‍ദ്ദം തൊഴില്‍ ചെയ്യുന്ന ജനസംഖ്യയ്‌ക്കു മേല്‍ അതിവേഗം വര്‍ദ്ധിക്കുകയാണ്.
ഭരണ പ്രതിബദ്ധത: ആവശ്യങ്ങളും ആശങ്കകളും
2018-ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച് രാജ്യത്തുടനീളം നടപ്പിലാക്കിയ പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്-പ്രധാനമന്ത്രി ജനാരോഗ്യ യോജന. കേരളത്തില്‍ ഈ പദ്ധതി സംസ്ഥാന ആരോഗ്യ പദ്ധതികളുമായി സംയോജിപ്പിച്ച രൂപത്തിലാണ് നടപ്പിലാക്കുന്നത്. 2024 സപ്തംബര്‍ മുതല്‍ എഴുപത് വയസ്സിന് മുകളിലുള്ളവരെ വരുമാന മാനദണ്ഡങ്ങളില്‍ നിന്ന് ഒഴിവാക്കി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ വിപുലീകരിച്ചു. എന്നാല്‍ ഈ വിപുലീകരണം സംസ്ഥാനത്ത് സമഗ്രമായി നടപ്പിലാകുന്നതിലെ കാലതാമസം ഗൗരവമായി ശ്രദ്ധിക്കപ്പെടേണ്ടതാണ്.
യുവാക്കളുടെ കുടിയേറ്റവും വര്‍ദ്ധിച്ചുവരുന്ന ആയുര്‍ ദൈര്‍ഘ്യവും പരിഗണിക്കുമ്പോള്‍, 70 വയസ്സിന് മുകളിലുള്ളവര്‍ക്ക് അധിക ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന ഈ പരിഷ്‌കരണത്തിന് കേരള സാഹചര്യത്തില്‍ പ്രത്യേക പ്രസക്തിയുണ്ട്. മനുഷ്യസുരക്ഷയില്‍ പോലും ഭരണപരമായ മെല്ലെപ്പോക്ക് ആശങ്ക ഉയര്‍ത്തുന്ന സാഹചര്യം സംസ്ഥാനത്ത് നിലനില്‍ക്കുന്നു.
സുരക്ഷയെ ആനുകൂല്യമായി അല്ല, ഭരണത്തിന്റെ അടിസ്ഥാന ധര്‍മ്മമായി കാണുന്ന രാഷ്‌ട്രീയ ബോധം വളരാതെ കേരളത്തിന്റെ സാമൂഹ്യ-രാഷ്‌ട്രീയ സ്ഥിരത ഉറപ്പാക്കാനാവില്ല. സുരക്ഷയെ മനുഷ്യജീവിതത്തിന്റെ മുഴുവന്‍ അര്‍ത്ഥവ്യാപ്തിയോടെ വികസനത്തിനും വിശ്വാസത്തിനുമിടയിലെ സാംസ്‌കാരിക ബന്ധമായി പുനര്‍വായിക്കുമ്പോഴാണ് കേരളം നേരിടുന്ന സാമൂഹ്യ ആകുലതകള്‍ക്ക് ദീര്‍ഘകാല പ്രതിവിധികള്‍ കണ്ടെത്താനാകുക.
3. വിശ്വാസം: രാഷ്‌ട്രീയത്തിനപ്പുറം സാമൂഹ്യ മൂല്യം
വ്യക്തിയുടെ ആത്മവിശ്വാസം മുതല്‍ ആത്മീയ ആചാരവിശ്വാസങ്ങള്‍ വരെ സംരക്ഷിക്കപ്പെടുകയും മാനിക്കപ്പെടുകയും ചെയ്യുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന്റെ അടിത്തറയാണ്. ഈ അര്‍ത്ഥത്തില്‍ വിശ്വാസം വെറും ഭരണോപാധിയല്ല; സാമൂഹ്യ-രാഷ്‌ട്രീയ മൂല്യബോധമാണ്. വികസനവും സുരക്ഷയും രാഷ്‌ട്രീയമായി അര്‍ത്ഥവത്താകുന്നത് അവ ഭരണകൂടത്തോടുള്ള വിശ്വാസമായി മാറുമ്പോഴാണ്.
കേരളത്തില്‍ ഈ വിശ്വാസ ബോധം ഏറ്റവും മൂര്‍ച്ചയോടെ പ്രത്യക്ഷപ്പെടുന്നത് ശബരിമല പോലുള്ള വിശുദ്ധ ആചാരസ്ഥലങ്ങളുടെ പശ്ചാത്തലത്തിലാണ്. ഇത്തരം ഇടങ്ങള്‍ ഇന്ന് കേരളത്തില്‍ രാഷ്‌ട്രീയ വിശ്വാസ്യത അളക്കപ്പെടുന്ന സാമൂഹ്യ മാനദണ്ഡങ്ങളായി മാറിയിരിക്കുന്നു. വിശുദ്ധസ്ഥലങ്ങളുടെ സുരക്ഷ, ഭരണനിര്‍വ്വഹണത്തിന്റെ സുതാര്യത, അന്വേഷണ സംവിധാനങ്ങളുടെ സ്വതന്ത്രത എന്നിവ രാഷ്‌ട്രീയ ചര്‍ച്ചകളുടെ മര്‍മ്മസ്ഥാനമായി ഉയര്‍ന്നിട്ടുണ്ട്.
അന്താരാഷ്‌ട്ര മാനവിക വിഷയങ്ങള്‍ പോലും ആഭ്യന്തര രാഷ്‌ട്രീയ ആയുധങ്ങളായി മാറുന്നിടത്ത് നഷ്ടമാകുന്നത് പരസ്പര വിശ്വാസവും സാമൂഹ്യ സൗഹാര്‍ദ്ദവുമാണ്. വിവേകാനന്ദ സ്വാമികള്‍ ഒരിക്കല്‍ ഭ്രാന്താലയമായി വിശേഷിപ്പിച്ച ഈ പ്രദേശം നവോത്ഥാന ചലനങ്ങളിലൂടെ സാമൂഹ്യമായും സാംസ്‌കാരികമായും പുതുക്കപ്പെട്ടതാണ്.
എന്നാല്‍ ഇരട്ട മുന്നണി രാഷ്‌ട്രീയത്തിന്റെ തീവ്രമായ അധികാരമത്സരങ്ങള്‍ ആ നവോത്ഥാന പാരമ്പര്യത്തില്‍ നിന്ന് അകന്ന് ഈ സാമൂഹ്യ ശരീരത്തില്‍ വീണ്ടും ആഴത്തിലുള്ള മുറിവുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ മുറിവുകള്‍ക്ക് ശമനം നല്‍കാന്‍ കഴിയുക വിശ്വാസത്തെ കേന്ദ്രമാക്കിയ ആശയ രാഷ്‌ട്രീയത്തിനാണ്.
കേരള രാഷ്‌ട്രീയം ഇന്ന് നിര്‍ണ്ണായകമായ ഒരു വഴിത്തിരിവിലാണ്. കക്ഷി മത്സരങ്ങളുടെയും സഖ്യഗണിതങ്ങളുടെയും പരിമിത വലയത്തില്‍ നിന്ന് മാറി വികസനാനുഭവം, സാമൂഹ്യസുരക്ഷ, രാഷ്‌ട്രീയ വിശ്വാസ്യത എന്നിവ ചേര്‍ന്ന് രൂപപ്പെടുന്ന ഒരു പുതിയ രാഷ്‌ട്രീയ സംസ്‌കാരത്തെയാണ് ഈ ഘട്ടം ആവശ്യപ്പെടുന്നത്.
വികസനം സുരക്ഷാനുഭവമായി, സുരക്ഷ വളരുന്ന ആത്മവിശ്വാസമായി, വിശ്വാസം അടിയുറയ്‌ക്കുന്ന മൂല്യബോധമായി അര്‍ത്ഥവ്യാപ്തി നേടുമ്പോഴാണ് രാഷ്‌ട്രീയ പുനര്‍നിര്‍മ്മിതി സാധ്യമാകുന്നത്. ഈ പശ്ചാത്തലത്തിലാണ് ”മാറാത്തത് ഇനി മാറും” ഒരു തിരഞ്ഞെടുപ്പ് മുദ്രാവാക്യം മാത്രമല്ലാതെ കേരളത്തിന്റെ രാഷ്‌ട്രീയ പുനര്‍നിര്‍മ്മിതിക്ക് മുന്നിലുള്ള ഏറ്റവും സാധ്യതാപരമായ ഉത്തരമായി മാറുന്നത്. രാഷ്‌ട്രീയമായ ആ ശരിയുത്തരത്തിന്റെ അകക്കാമ്പാണ് വികസിത, സുരക്ഷിത, വിശ്വാസ കേരളം.
(അവസാനിച്ചു)
















