തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും ദീപാലങ്കാരങ്ങള്‍, താല്‍ക്കാലിക വാണിജ്യ സ്റ്റാളുകള്‍ എന്നിവ സ്ഥാപിക്കുമ്പോള്‍ അപകടം ഒഴിവാക്കാന്‍ നിര്‍ദ്ദേശങ്ങളുമായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്.
പൊതു സ്ഥലങ്ങളില്‍ വൈദ്യുത ദീപാലങ്കാരങ്ങള്‍ ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ വഴി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ നടത്താവൂ. കമാനങ്ങള്‍, ആര്‍ച്ച്, പൂപന്തല്‍, വാണിജ്യ സ്ഥാപനങ്ങള്‍ മുതലായവ വൈദ്യുത ലൈനുകള്‍, ട്രാന്‍സ്ഫോമറുകള്‍ എന്നിവയില്‍ നിന്നും നിയമാനുസൃതമായി അകലം പാലിക്കണം. ദീപാലങ്കാരത്തിനായി ഉപയോഗിക്കുന്ന വയറുകള്‍ കണക്ടര്‍ ഉപയോഗിച്ച് മാത്രമേ യോജിപ്പിക്കാന്‍ പാടുളളൂ.
വയറിംഗും വൈദ്യുത ലൈറ്റുകളും വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഏതൊരു ഉപകരണവും ജനങ്ങളുമായി സമ്പര്‍ക്കത്തില്‍ വരാത്ത വിധത്തില്‍ സ്ഥാപിക്കേണ്ടതാണ്.
താത്ക്കാലിക വാണിജ്യ സ്ഥാപനങ്ങളില്‍ ദീപാലങ്കാര ജോലികള്‍ സ്വയം ചെയ്യുന്നത് ഒഴിവാക്കണം. ലൈസന്‍സുള്ള ഇലക്ട്രീഷ്യന്‍മാരുടെ സേവനം ഉപയോഗിക്കണം. താത്ക്കാലിക വാണിജ്യ സ്ഥാപനങ്ങളില്‍ കെ.എസ്.ഇ.ബി മീറ്റര്‍ ബോര്‍ഡില്‍ ഇ.എല്‍.സി.ബി സംവിധാനം ഉള്‍പ്പെടുത്തേണ്ടതും മതിയായ എര്‍ത്തിങ് സംരക്ഷണം നല്‍കേണ്ടതുമാണ്. വൈദ്യുതി എക്സ്റ്റന്റ് ചെയ്യുമ്പോള്‍ ഡബിള്‍ ഇന്‍സുലേറ്റഡ് കേബിള്‍ ഉപയോഗിക്കണം.
ലോഹ നിര്‍മ്മിത തൂണുകള്‍, ഹാന്‍ഡ് റേയിലുകള്‍ എന്നിവയില്‍ ഇലുമിനേഷന്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണം. ഇലൂമിനേഷന്‍ ലൈറ്റുകളുടെ നിലവാരം ഉറപ്പുവരുത്തണം.
















