ന്യൂദല്‍ഹി: ആഗോള എഐ ഉച്ചകോടിക്കിടെ രാജ്യത്തിന്റെ പ്രശസ്തിക്ക് കളങ്കം വരുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം. രാജ്യതലസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
ഷര്‍ട്ട് ഊരിയുള്ള യൂത്ത് കോണ്‍ഗ്രസിന്റെ സമര ആഭാസത്തില്‍ പ്രതിഷേധിച്ച് ദല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് ബിജെപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ആഗോളവേദിയില്‍ ഭാരതത്തെ അപമാനിച്ച രാഹുലും കോണ്‍ഗ്രസും രാജ്യദ്രോഹികളാണെന്നും മുഴുവന്‍ രാജ്യത്തോടും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നു.
ബാരിക്കേഡുകള്‍ മറികടന്ന് മുന്നോട്ടുനീങ്ങിയ സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ളവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി എംപി, സംസ്ഥാന വൈസ് പ്രസിഡന്റ് രാജ്കുമാര്‍ ഭാട്ടിയ എംഎല്‍എ, സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു മിത്തല്‍, യുവമോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി രോഹിത് ചാഹല്‍, നിതിന്‍ ത്യാഗി എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
ലോകം മുഴുവന്‍ ഭാരതത്തിന്റെ സാങ്കേതിക പുരോഗതിയും നേതൃത്വവും അംഗീകരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ഇത്തരം നടപടികള്‍ അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് വീരേന്ദ്ര സച്ച്ദേവ അഭിപ്രായപ്പെട്ടു. ദേശീയ താത്പര്യങ്ങള്‍ക്ക് മുകളിലായി കോണ്‍ഗ്രസ് തങ്ങളുടെ പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. തുടര്‍ച്ചയായ തോല്‍വികളില്‍ നിന്നേറ്റ നിരാശയില്‍ അന്താരാഷ്‌ട്ര വേദികളില്‍ ഭാരതത്തിന്റെ നേട്ടങ്ങളെ കുറച്ചുകാണിക്കാന്‍ മനഃപൂര്‍വ്വം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ഭാരതമണ്ഡപത്തില്‍ യൂത്ത്കോണ്‍ഗ്രസുകാരുടെ സമരനാടകം നടന്നത്. ഷര്‍ട്ടൂരി രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി എത്തിയവരെ നിമിഷങ്ങള്‍ക്കകം സന്ദര്‍ശകര്‍ തന്നെ ഓടിച്ചുവിടുകയായിരുന്നു. യുവാക്കള്‍ അടക്കമുള്ളവരുടെ രൂക്ഷമായ പ്രതികരണമാണ് പത്തോളം വരുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നേരിടേണ്ടി വന്നത്. കോണ്‍ഗ്രസിനെതിരായ പ്രതിഷേധങ്ങള്‍ ആദ്യം സോഷ്യല്‍ മീഡിയയിലും പിന്നീട് തെരുവിലേക്കും വ്യാപിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുകയും അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരും മുതിര്‍ന്ന ബിജെപി നേതാക്കളും രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസ് നടപടിക്കെതിരെ ഉയര്‍ത്തിയത്.














