ന്യൂദൽഹി: ദൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അർദ്ധനഗ്നരായി പ്രതിഷേധിച്ചതിന് പിന്നിൽ ശക്തമായ ഗൂഢാലോചനയുണ്ടെന്ന് ദൽഹി പോലീസ്. നേപ്പാളിലെ ജെൻസി പ്രക്ഷോഭത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പ്രതിഷേധക്കാർ ഉച്ചകോടിയിൽ സമാനമായ ഒരു പ്രക്ഷോഭം നടത്താൻ ആഗ്രഹിച്ചതെന്ന് പോലീസ് പാട്യാല ഹൗസ് കോടതിയെ അറിയിച്ചു.
അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട ദൽഹി പോലീസ്, അന്താരാഷ്‌ട്ര തലത്തിൽ രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പട്യാല ഹൗസ് കോടതിയെ അറിയിച്ചു. തുടർന്ന് കോടതി പ്രതികളെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രദർശന ഹാളിൽ സർക്കാരിനെതിരായ മുദ്രാവാക്യങ്ങൾ എഴുതിയ ടി-ഷർട്ടുകൾ ഉയർത്തിപ്പിടിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചും പ്രതിഷേധിച്ച ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ നീക്കം ചെയ്യുകയായിരുന്നു.
കൃഷ്ണ ഹരി, കുന്ദൻ യാദവ്, അജയ് കുമാർ, നരസിംഹ യാദവ് എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ലോകനേതാക്കളുടെയും പ്രമുഖ വ്യക്തികളുടെയും സാന്നിധ്യത്തിൽ ഇവർ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചതായും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട മറ്റ് പ്രതികളെ കണ്ടെത്താനും ഈ പ്രതിഷേധത്തിന് പിന്നിൽ ഫണ്ടിംഗ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും പ്രതികളുടെ കസ്റ്റഡി അത്യാവശ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
















