തിരുവനന്തപുരം: മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രശ്മി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിൽ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കൊട്ടാരക്കരയിൽ തനിക്കുണ്ടായ തിക്താനുഭവങ്ങളാണ് ആ പ്രസ്ഥാനത്തിൽ നിന്ന് വേറിട്ട് നിൽക്കാൻ പ്രേരിപ്പിച്ചതെന്ന് രശ്മി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് പോലെയുള്ള വലിയ കാൻവാൻസിൽ എന്നെപ്പോലെയുള്ള സാധാരണക്കാർക്ക് മത്സരിക്കാനാകുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കെ.എൻ. ബാലഗോപാൽ എന്ന വലിയ പ്രമുഖനൊപ്പമായിരുന്നു മത്സരിച്ചത്. മത്സരരംഗത്തേക്ക് കടന്നുവന്നപ്പോൾ പൊതുസമൂഹം എന്നെ രണ്ട് കൈയും നീട്ടി സ്വീകരിച്ചു. സാധാരണക്കാരിയായി 2005 മുതൽ രാഷ്‌ട്രീയപ്രവർത്തനം ആരംഭിച്ച തനിക്ക് പൊതുസമൂഹം തന്ന സ്വീകാര്യതയാണ് അതിന് കാരണമെന്ന് രശ്മി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
















